ഒട്ടക വ്യാപാരത്തിന് പുതിയ നിബന്ധനകളുമായി സൗദി; നിയമലംഘകർക്കെതിരെ കർശന നടപടി

 

സൗദി അറേബ്യയിൽ ഒട്ടക വ്യാപാരം, വാടകയ്ക്ക് നൽകൽ, പരസ്പര കൈമാറ്റം, ലേലങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം പുതിയ വ്യവസ്ഥകൾ പുറപ്പെടുവിച്ചു. ഇടപാടുകൾ സുതാര്യമാക്കാനും രോഗലക്ഷണമുള്ളവയുടെ വിൽപ്പന തടയാനും മൃഗസംരക്ഷണവും ജൈവസുരക്ഷയും ഉറപ്പാക്കാനുമാണ് നടപടി. ഒട്ടകങ്ങളുടെ ആരോഗ്യനിലയും വാക്സിനേഷൻ വിവരങ്ങളും വിൽപനക്കാരൻ നിർബന്ധമായും വെളിപ്പെടുത്തണം.

ക്ഷീണമോ രോഗലക്ഷണങ്ങളോ ഉള്ള ഒട്ടകങ്ങളെയും പൂർണ്ണമായി വാക്സിനേഷൻ എടുക്കാത്തവയെയും വിൽക്കുന്നതിനോ പ്രദർശിപ്പിക്കുന്നതിനോ കർശന നിരോധനമുണ്ട്. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒട്ടകങ്ങളെ കൊണ്ടുപോകുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്. ലേലങ്ങളിലെയും വിപണികളിലെയും ഒട്ടകങ്ങളോടുള്ള ക്രൂരമായ പെരുമാറ്റം തടയുന്നതിനും മതിയായ അകലവും ശുചിത്വവും ഉറപ്പാക്കുന്നതിനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.