'പ്രീമിയം ഇക്കോണമി' അവതരിപ്പിച്ച് സൗദിയ
സൗദിയ എയർലൈൻസ് യാത്രക്കാർക്കായി പുതിയ 'പ്രീമിയം ഇക്കോണമി' ക്ലാസ് പ്രഖ്യാപിച്ചു. ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റ് 2026 (WTM) വേദിയിലാണ് കമ്പനി അത്യാധുനിക കാബിൻ മാതൃക ഔദ്യോഗികമായി പുറത്തിറക്കിയത്. 43 ഇഞ്ച് സീറ്റ് പിച്ചോടെയാണ് ഈ പുതിയ വിഭാഗം ഒരുങ്ങുന്നത്. ഇക്കോണമി ക്ലാസിനും ബിസിനസ് ക്ലാസിനും ഇടയിലുള്ള ഈ പുതിയ കാബിൻ, മിതമായ നിരക്കിൽ കൂടുതൽ യാത്രാസുഖം ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമാകും.
സൗദിയയുടെ 'ന്യൂ സൗദിയ എക്സ്പീരിയൻസ്' (New Saudia Experience) നവീകരണ പദ്ധതിയുടെ ഭാഗമായാണ് പ്രീമിയം ഇക്കോണമി അവതരിപ്പിക്കുന്നത്. സീറ്റുകൾക്കിടയിലെ അധിക അകലത്തിനൊപ്പം കാലുകൾ സുഖമായി വെക്കാനുള്ള കാഫ് റെസ്റ്റ്, ഉയർന്ന സ്വകാര്യത, വിശാലമായ ലഗേജ് സംഭരണ സൗകര്യം എന്നിവയും ഇതിന്റെ സവിശേഷതകളാണ്. വിനോദത്തിനായി 15.5 ഇഞ്ച് വലിയ ഡിജിറ്റൽ സ്ക്രീനും ഒരോ സീറ്റിനൊപ്പവും സജ്ജീകരിച്ചിട്ടുണ്ട്.
2027-ൽ കമ്പനിയുടെ ഫ്ലീറ്റിലേക്ക് എത്തുന്ന പുതിയ ബോയിംഗ് 787 വിമാനങ്ങളിലാണ് ഈ കാബിൻ ആദ്യമായി സർവീസ് ആരംഭിക്കുക. തുടർന്ന് നിലവിലുള്ള എയർബസ് എ330, ബോയിംഗ് 777, ബോയിംഗ് 787 വിമാനങ്ങളിലും ഘട്ടംഘട്ടമായി കാബിനുകൾ നവീകരിക്കും. പുതിയ മാറ്റം യാത്രക്കാർക്ക് മികച്ച തിരഞ്ഞെടുപ്പും കൂടുതൽ ആശ്വാസവും നൽകുമെന്ന് സൗദിയ ചീഫ് കൊമേഴ്സ്യൽ ഓഫീസർ ആർവെഡ് വോൺ സുർ മ്യൂലൻ വ്യക്തമാക്കി. പ്രവാസികൾ അടക്കമുള്ള സ്ഥിരം യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ സൗകര്യം ആദ്യഘട്ടത്തിൽ ഏതൊക്കെ റൂട്ടുകളിലാണ് ലഭ്യമാക്കുക എന്നതിലും ടിക്കറ്റ് നിരക്കുകളിലും വരും ദിവസങ്ങളിൽ വ്യക്തത വരും.
ഡബ്ല്യു.ടി.എം വേദിയിൽ പ്രീമിയം ഇക്കോണമിക്ക് പുറമെ മറ്റ് വിമാനങ്ങളിലെ പുതിയ സേവനങ്ങളും സൗദിയ പ്രദർശിപ്പിച്ചു. ഈ വർഷം ആദ്യം ഫ്ലീറ്റിൽ ചേർത്ത എയർബസ് എ321 എക്സ്.എൽ.ആർ (A321XLR) വിമാനത്തിലെ ബിസിനസ് ക്ലാസ് സൗകര്യങ്ങളും കമ്പനി അവതരിപ്പിച്ചു. പൂർണ്ണമായും നിവർത്തി കിടക്കാവുന്ന ബെഡ്ഡുകളുള്ള 24 ബിസിനസ് സ്യൂട്ടുകളും 120 ഇക്കോണമി സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. ഇതിനൊപ്പം എല്ലാ ക്ലാസുകളിലേക്കുമുള്ള പുതിയ ആതിഥ്യ കിറ്റുകളും ഡൈനിംഗ് സാമഗ്രികളും ചടങ്ങിൽ പ്രദർശിപ്പിച്ചു.