എഐ റെഡിനസ് സൂചികയിൽ സൗദി അറേബ്യക്ക് വൻ മുന്നേറ്റം; മിഡിൽ ഈസ്റ്റിലും നോർത്ത് ആഫ്രിക്കയിലും ഒന്നാമത്

 

ഓക്സ്ഫോർഡ് ഇൻസൈറ്റ്‌സ് തയ്യാറാക്കിയ ഗവൺമെന്റ് എഐ റെഡിനസ് (AI Readiness) സൂചികയിൽ സൗദി അറേബ്യ മികച്ച നേട്ടം കൈവരിച്ചു. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് നിർമ്മിത ബുദ്ധി പ്രയോഗത്തിൽ രാജ്യം കരുത്ത് തെളിയിച്ചത്. ലോകമെമ്പാടും എഐ നയരൂപീകരണത്തിനും റെഗുലേറ്ററി പ്ലാനിംഗിനുമായി ഏറെ ആശ്രയിക്കുന്ന സൂചികയാണിത്. ആഗോളതലത്തിൽ എഐ ഗവേണൻസ് വിഭാഗത്തിൽ ഏഴാം സ്ഥാനവും പൊതുമേഖലയിലെ എഐ ഉപയോഗത്തിൽ ഒമ്പതാം സ്ഥാനവും സൗദി സ്വന്തമാക്കി.

ലോകത്തെ 195 രാജ്യങ്ങളിലെ ഭരണസംവിധാനം, അടിസ്ഥാന സൗകര്യങ്ങൾ, ഇൻസ്റ്റിറ്റ്യൂഷണൽ റെഡിനസ് എന്നിവ വിലയിരുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയത്. സൗദി വിഷൻ 2030-ന്റെ ഭാഗമായി സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഈ മുന്നേറ്റം വലിയ സഹായമാകും. ആധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിൽ രാജ്യം കൈവരിച്ച പുരോഗതിയാണ് ഇതിലൂടെ വെളിവാകുന്നത്.

സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിക്ക് (SDAIA) കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നൽകുന്ന ശക്തമായ പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. 'ഹ്യൂമെയിൻ' (Humaid) പോലുള്ള ദേശീയ പ്ലാറ്റ്‌ഫോമുകൾ വഴി കമ്പ്യൂട്ടിംഗ് ശേഷിയും നൂതന എഐ മോഡലുകളും വികസിപ്പിക്കുന്നതിൽ സൗദി അറേബ്യ നിലവിൽ ആഗോളതലത്തിൽ തന്നെ മികവ് പുലർത്തുന്നുണ്ട്.