ഹജ്ജ് തീർഥാടനം: ആഭ്യന്തര തീർഥാടകർക്ക് മൂന്ന് വാക്സീനുകൾ നിർബന്ധമാക്കി സൗദി

 

ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി സൗദി അറേബ്യയ്ക്കുള്ളിൽ നിന്ന് എത്തുന്ന ആഭ്യന്തര തീർഥാടകർക്ക് മൂന്ന് വാക്സീനുകൾ നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും പുണ്യസ്ഥലങ്ങളിൽ പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുമായാണ് ഈ മുൻകരുതൽ നടപടി.

കോവിഡ്-19, ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ് എന്നീ വാക്സീനുകളാണ് തീർഥാടകർ നിർബന്ധമായും എടുക്കേണ്ടത്. ഹജ്ജ് കർമങ്ങൾ ആരംഭിക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുൻപെങ്കിലും ഈ വാക്സീനുകൾ സ്വീകരിച്ചിരിക്കണം. വാക്സീൻ സ്വീകരിച്ച വിവരങ്ങൾ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ 'സഹതി' (Sehaty) ആപ്പിലോ 'തവക്കൽനാ' (Tawakkalna) ആപ്പിലോ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്.

തീർഥാടകരുടെ സൗകര്യാർത്ഥം രാജ്യത്തെ വിവിധ ഹെൽത്ത് സെന്ററുകളിൽ വാക്സീനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ഒത്തുചേരുന്ന ഹജ്ജ് വേളയിൽ മികച്ച ആരോഗ്യ സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.