സൗദിയിൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് ഇനി 'ഫാൽ' ലൈസൻസും നിർബന്ധം; ഇൻഫ്ലുവൻസർമാർക്ക് കർശന നിയന്ത്രണം
സൗദി അറേബ്യയിൽ സോഷ്യൽ മീഡിയ വഴി റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ നൽകുന്ന ഇൻഫ്ലുവൻസർമാർക്ക് കൂടുതൽ കർശന നിയന്ത്രണങ്ങളുമായി ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റ്. റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ നൽകാൻ ഇനി മുതൽ ജനറൽ അതോറിറ്റി ഫോർ റഗുലേഷൻ ഓഫ് ഓഡിയോവിഷ്വൽ മീഡിയ നൽകുന്ന 'മൗസൂഖ്' (Mawsooq) ലൈസൻസ് മാത്രം പോരാ എന്ന് അധികൃതർ വ്യക്തമാക്കി. മൗസൂഖിന് പുറമെ റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ ഔദ്യോഗിക 'ഫാൽ' (Fal) ലൈസൻസും ഇൻഫ്ലുവൻസർമാർക്ക് നിർബന്ധമാണെന്ന് അതോറിറ്റി വക്താവ് തൈസീർ അൽ മുഫറജ് അറിയിച്ചു. റിയാദിൽ നടന്ന മൂന്നാമത് റിയൽ എസ്റ്റേറ്റ് മീഡിയേഷൻ ഫോറത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്.
റിയൽ എസ്റ്റേറ്റ് വസ്തുവകകൾ വിൽപ്പന നടത്തുന്നതിനോ വാടകയ്ക്ക് നൽകുന്നതിനോ ഉള്ള ഏതൊരു പരസ്യവും നിയമപരമാകണമെങ്കിൽ, അതോറിറ്റി നൽകുന്ന റിയൽ എസ്റ്റേറ്റ് പരസ്യ ലൈസൻസ് നമ്പർ അതിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇത് അംഗീകൃത റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ വഴി മാത്രമേ ലഭ്യമാകൂ. അംഗീകൃത ബ്രോക്കർമാരാകുന്നതിനുള്ള യോഗ്യതകളും അതോറിറ്റി കർശനമാക്കിയിട്ടുണ്ട്. അതോറിറ്റി നടത്തുന്ന നേരിട്ടുള്ള സമഗ്രമായ പരീക്ഷ പാസ്സാകുന്നവർക്ക് മാത്രമേ ഇനി മുതൽ ബ്രോക്കർ ലൈസൻസ് അനുവദിക്കുകയുള്ളൂ.
റിയൽ എസ്റ്റേറ്റ് രംഗത്തെ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി വിപുലമായ ഏകീകൃത സംവിധാനമാണ് അതോറിറ്റി ഒരുക്കുന്നത്. ഇൻഫ്ലുവൻസർമാരുടെയും ബ്രോക്കർമാരുടെയും റിയൽ എസ്റ്റേറ്റ് ലൈസൻസുകൾ വ്യാജമല്ലെന്ന് ഉപഭോക്താക്കൾക്ക് അതോറിറ്റിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കും. കൂടാതെ, വാടകക്കരാറുകളിലെ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകകൾ ഇനി മുതൽ 'ഇജാർ' (Ezar) പ്ലാറ്റ്‌ഫോം വഴി മാത്രമായിരിക്കും കൈകാര്യം ചെയ്യുക. രാജ്യത്തെ എല്ലാ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമുകളും അതോറിറ്റിയുമായി നേരിട്ട് സാങ്കേതികമായി ബന്ധിപ്പിക്കണമെന്നും ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കൃത്യമായ ചാനലുകൾ ഒരുക്കണമെന്നും മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.