യമന് ആശ്വാസമേകി സൗദി അറേബ്യ; അൽ ഖൂഖയിൽ 65 ലക്ഷം ലിറ്റർ വെള്ളമെത്തിച്ചു

 

യമനിലെ ദുരിതബാധിതർക്ക് ആശ്വാസമേകി സൗദി അറേബ്യയുടെ സമഗ്ര കുടിവെള്ള, പരിസ്ഥിതി ശുചീകരണ പദ്ധതി. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (KSrelief) നേതൃത്വത്തിൽ അൽ ഹുദൈദ ഗവർണറേറ്റിലെ അൽ ഖൂഖ ജില്ലയിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.

ജൂൺ മാസത്തിൽ മാത്രം 65 ലക്ഷത്തോളം ലിറ്റർ ജലമാണ് പ്രദേശത്ത് വിതരണം ചെയ്തത്. ഇതിൽ ഗാർഹിക ആവശ്യങ്ങൾക്കായി 52 ലക്ഷം ലിറ്റർ വെള്ളവും, ശുചിത്വമുള്ള കുടിവെള്ളമായി 13 ലക്ഷം ലിറ്ററും നൽകി.

കുടിവെള്ള വിതരണത്തിന് പുറമെ മാലിന്യ നിർമാർജനവും പരിസ്ഥിതി ശുചീകരണവും പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്നു. ക്യാമ്പുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി 565 തവണ വാഹനങ്ങൾ സർവീസ് നടത്തി. രോഗപ്പകർച്ച തടയാൻ മലിനജലം വറ്റിക്കുകയും പൊതു ശൗചാലയങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. ആഭ്യന്തര സംഘർഷങ്ങളിൽ ദുരിതമനുഭവിക്കുന്ന 80,600-ലധികം ആളുകൾക്കാണ് നിലവിൽ ഈ പദ്ധതി തണലാവുന്നത്.