മൂന്ന് മാസത്തിനിടെ 3.8 കോടി യാത്രക്കാർ: റെയിൽവേ മേഖലയിൽ വൻ കുതിപ്പുമായി സൗദി

 

സൗദി അറേബ്യയിൽ ട്രെയിൻ സർവീസുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ചരക്കുനീക്കത്തിലും വൻ വർധനവ്. 2026-ലെ രണ്ടാം പാദത്തിൽ (ഏപ്രിൽ - ജൂൺ) 3.8 കോടിയിലധികം യാത്രക്കാരാണ് രാജ്യത്തെ ട്രെയിനുകളെ ആശ്രയിച്ചതെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

നഗരങ്ങൾക്കുള്ളിലെ സർവീസുകളിൽ മാത്രം 3.6 കോടി ആളുകൾ യാത്ര ചെയ്തു. ഇതിൽ 2.97 കോടി യാത്രക്കാരുമായി റിയാദ് മെട്രോയാണ് മുന്നിൽ. ഹറമൈൻ ഹൈസ്പീഡ് ട്രെയിനിൽ 16 ലക്ഷവും ഈസ്റ്റ് ട്രെയിൻ ലൈനിൽ 3,89,000 പേരും യാത്ര ചെയ്തു. കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ട്രെയിൻ സർവീസ് 39 ലക്ഷം ആളുകളും മക്കയിലെ മശാഇർ ട്രെയിൻ 19 ലക്ഷം പേരും ഉപയോഗപ്പെടുത്തി.

ഇതിനുപുറമേ, ഇക്കാലയളവിൽ 37 ലക്ഷം ടൺ ധാതുക്കളും മറ്റ് സാധനസാമഗ്രികളും 47,000 കണ്ടെയ്‌നറുകളും റെയിൽ ശൃംഖല വഴി സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. രാജ്യത്തെ വ്യവസായിക മേഖലകളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് സപ്ലൈ ചെയിൻ കൂടുതൽ ശക്തിപ്പെടുത്താൻ റെയിൽവേ സംവിധാനത്തിന് സാധിക്കുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.