മാലിന്യ നിർമാർജനത്തിൽ മാതൃകയായി സൗദി; 2024-ൽ പുനരുപയോഗിച്ചത് നാല് ലക്ഷം ടൺ മാലിന്യം
സൗദി അറേബ്യയിൽ മാലിന്യ നിർമാർജന രംഗത്ത് വൻ മുന്നേറ്റം. 2024 സാമ്പത്തിക വർഷത്തിൽ മാത്രം രാജ്യത്ത് 4 ലക്ഷം ടൺ മാലിന്യം പുനരുപയോഗിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെട്ട ആകെ മാലിന്യമായ 13.5 കോടി ടണ്ണിന്റെ 25 ശതമാനമാണിത്. പുനരുപയോഗിച്ച മാലിന്യത്തിന്റെ ഭൂരിഭാഗവും (64.8%) കൈകാര്യം ചെയ്തത് കാർഷിക, വനം, മത്സ്യബന്ധന മേഖലകളാണ്.
2023-നെ അപേക്ഷിച്ച് (11.14 കോടി ടൺ) മാലിന്യ ഉത്പാദനത്തിൽ വലിയ വർധനവാണ് 2024-ൽ രേഖപ്പെടുത്തിയത്. ശേഖരിച്ച മാലിന്യത്തിന്റെ 38.5 ശതമാനം ലാൻഡ്ഫില്ലുകളിലേക്കും 12 ശതമാനം പ്രത്യേക കമ്പനികൾ വഴിയും ബാക്കി മറ്റു രീതികളിലൂടെയും നിർമാർജനം ചെയ്തു. നിർമാണ മേഖലയിൽ 3.22 കോടി ടണ്ണും വീട്ടുമാലിന്യം 2.05 കോടി ടണ്ണും രേഖപ്പെടുത്തിയിട്ടുണ്ട്. ഓർഗാനിക് മാലിന്യങ്ങളാണ് (45.7%) ഇതിൽ മുൻപന്തിയിലുള്ളത്.
വ്യവസായ മാലിന്യങ്ങൾ 2.67 കോടി ടണ്ണായി ഉയർന്നപ്പോൾ, മുനിസിപ്പൽ സോളിഡ് വേസ്റ്റ് 2.6 കോടി ടണ്ണായി വർധിച്ചു. ഒരാൾ ശരാശരി ഉത്പാദിപ്പിക്കുന്ന പ്രതിദിന ഖരമാലിന്യത്തിന്റെ അളവ് 2023-ലെ 1.93 കിലോഗ്രാമിൽ നിന്ന് 2024-ൽ 2.02 കിലോഗ്രാമായി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.