ഗെയിമിങ് ലോകം കീഴടക്കാൻ സൗദി; ഇലക്ട്രോണിക് ആർട്‌സിനെ വാങ്ങാൻ 55 ബില്യൺ ഡോളറിന്റെ കരാർ
ആഗോള വീഡിയോ ഗെയിം വിപണിയിൽ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. പ്രശസ്ത ഗെയിം നിർമ്മാണ കമ്പനിയായ ഇലക്ട്രോണിക് ആർട്‌സിനെ (EA) സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായാണ് റിപ്പോർട്ടുകൾ.
കമ്പനി നിക്ഷേപകരുടെ യോഗത്തിൽ നടന്ന വോട്ടെടുപ്പിൽ, ഓരോ ഓഹരിക്കും 210 ഡോളർ എന്ന നിരക്കിൽ വിൽക്കാൻ അംഗങ്ങൾ പച്ചക്കൊടി കാട്ടി. ഏകദേശം 55 ബില്യൺ ഡോളർ (ഏകദേശം 4.5 ലക്ഷം കോടി രൂപ) മൂല്യമുള്ള ഈ ഇടപാട് വീഡിയോ ഗെയിം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നായി മാറും. സിൽവർ ലേക്ക്, അഫിനിറ്റി പാർട്‌ണേഴ്‌സ് എന്നീ കമ്പനികൾ കൂടി ഉൾപ്പെടുന്നതാണ് സൗദിയുടെ നേതൃത്വത്തിലുള്ള ഈ കൺസോർഷ്യം.
2027-ഓടെ വിൽപന നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഫ (ഇപ്പോൾ FC), നീഡ് ഫോർ സ്പീഡ് തുടങ്ങിയ ലോകപ്രശസ്ത ഗെയിമുകളുടെ സ്രഷ്ടാക്കളാണ് ഇലക്ട്രോണിക് ആർട്‌സ്. കമ്പനി സ്വകാര്യ മേഖലയുടെ ഭാഗമാകുന്നതോടെ കൂടുതൽ വിഭവങ്ങളും സ്വാതന്ത്ര്യവും ലഭിക്കുമെന്നും, ഇത് അത്യാധുനിക ഗെയിമുകളുടെ നിർമ്മാണത്തിന് വഴിതെളിക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണയിതര വരുമാനം ലക്ഷ്യമിട്ടുള്ള സൗദിയുടെ 'വിഷൻ 2030'-ന്റെ ഭാഗമായാണ് ഈ വമ്പൻ നിക്ഷേപം.