സൗദിയിൽ റെയിൽവേ ട്രാക്കുകളിൽ അതിക്രമിച്ചു കടന്നാൽ 5 ലക്ഷം റിയാൽ പിഴയും രണ്ട് വർഷം തടവും

 

സൗദി അറേബ്യയിലെ റെയിൽവേ ട്രാക്കുകളിൽ അതിക്രമിച്ചു കടക്കുന്നവർക്ക് കനത്ത ശിക്ഷാ നടപടികളുമായി സൗദി റെയിൽവേ അതോറിറ്റി. നിയമം ലംഘിക്കുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം വരെ തടവുമാണ് ശിക്ഷയായി ലഭിക്കുക. റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നതും അതിക്രമിച്ചു കയറുന്നതും പൊതുമുതലിനും സ്വകാര്യ സ്വത്തിനും വൻ നാശനഷ്ടങ്ങൾ വരുത്താൻ കാരണമാകുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.

റെയിൽവേ പാതകൾ മുറിച്ചുകടക്കാൻ അധികൃതർ നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ കർശനമായി നിർദേശിച്ചു. രാജ്യത്തെ റെയിൽവേ ശൃംഖലയിലുടനീളം സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി "സേഫ് ഫോർ യു" (Safe For You) എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ കാമ്പയിനും അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. റെയിൽവേ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.