ഗസ്സയിലേക്ക് വീണ്ടും സൗദിയുടെ സഹായമെത്തി; വിതരണം ആരംഭിച്ച് കെ.എസ് റിലീഫ്
യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സ മുനമ്പിലേക്ക് സൗദി അറേബ്യയുടെ പുതിയ ബാച്ച് ദുരിതാശ്വാസ സാമഗ്രികൾ എത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുമായി എത്തിയ ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചു. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) നേതൃത്വത്തിൽ ഫലസ്തീൻ ജനതയ്ക്കായി നടപ്പാക്കുന്ന ധനസമാഹരണ ക്യാമ്പയിന്റെ ഭാഗമായാണ് ഈ സഹായം എത്തിച്ചിരിക്കുന്നത്.
ഗസ്സയിലെ പ്രാദേശിക പങ്കാളിയായ ‘സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ്’ ആണ് സഹായവസ്തുക്കൾ ഏറ്റുവാങ്ങിയത്. സന്നദ്ധ പ്രവർത്തകരുടെ പ്രത്യേക ഫീൽഡ് ടീമുകൾ വഴി അർഹരായ കുടുംബങ്ങളിലേക്ക് ഇവ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കൃത്യമായ മാനുഷിക മാനദണ്ഡങ്ങളും സുരക്ഷിതമായ വിതരണ സംവിധാനങ്ങളും ഉറപ്പാക്കിക്കൊണ്ട് ഏറ്റവും ദുർബലരായ കുടുംബങ്ങളിലേക്ക് സഹായമെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കടുത്ത ഭക്ഷ്യക്ഷാമവും മോശം ജീവിതസാഹചര്യങ്ങളും നേരിടുന്ന ഫലസ്തീനികളുടെ പ്രയാസങ്ങൾ ലഘൂകരിക്കാനുള്ള സൗദിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഇസ്രായേൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്കിടയിലും സഹായമെത്തിക്കാൻ സാധിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് കെ.എസ് റിലീഫിലൂടെ പ്രകടമാകുന്നത്.