സൗദിയുടെ ‘അൽഉല ലൈറ്റ്ഹൗസ്’ ബഹിരാകാശ പദ്ധതിയുടെ രൂപകൽപനക്ക് അംഗീകാരം
മിഡിൽ ഈസ്റ്റിലെ ഏറ്റവും അത്യാധുനികമായ ജ്യോതിശാസ്ത്ര നിരീക്ഷണാലയവും ബഹിരാകാശ സിഗ്നൽ നിരീക്ഷണ സംവിധാനങ്ങളും ഉൾപ്പെടുന്ന ‘അൽഉല ലൈറ്റ്ഹൗസ്’ സംയോജിത പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ജ്യോതിശാസ്ത്ര ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള സമഗ്ര കേന്ദ്രമായി മാറുന്ന ഈ മെഗാ പ്രൊജക്റ്റിന്റെ രൂപകൽപ്പനയ്ക്ക് അൽഉല റോയൽ കമീഷൻ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. അൽഉലയുടെ പ്രകൃതിദത്തവും സാംസ്കാരികവുമായ പരിസ്ഥിതിയെയും പ്രദേശത്തിന്റെ ജ്യോതിശാസ്ത്ര പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന നൂതന രൂപകൽപ്പനയാണ് പദ്ധതിയുടെ പ്രധാന സവിശേഷത.
സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ആഗോള ശാസ്ത്ര രംഗത്ത് രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്. നൂതന ജ്യോതിശാസ്ത്ര നിരീക്ഷണാലയം, സന്ദർശകർക്കായുള്ള ഗവേഷണ കേന്ദ്രം, അത്യാധുനിക ദൂരദർശിനികൾ (ടെലിസ്കോപ്പുകൾ), പ്രത്യേക നിരീക്ഷണ പ്ലാറ്റ്‌ഫോമുകൾ, സംവേദനാത്മക പ്രദർശനങ്ങൾ എന്നിവയെല്ലാം ഈ കേന്ദ്രത്തിന്റെ ഭാഗമായി ഉണ്ടാകും. നാല് മീറ്റർ വ്യാസമുള്ള ഒരു പ്രധാന ദൂരദർശിനിയും രണ്ട് മീറ്റർ വീതമുള്ള രണ്ട് ഉപ ദൂരദർശിനികളും ഇവിടെ സ്ഥാപിക്കും. നിർമാണം പൂർത്തിയാകുന്നതോടെ ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരീക്ഷണാലയങ്ങളിൽ ഒന്നായി മാറും.
അൽഉല നഗരത്തിൽ നിന്ന് 70 കിലോമീറ്ററിലധികം വടക്കുമാറി, നക്ഷത്ര നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ തെളിഞ്ഞ ആകാശമുള്ള ‘ഹാരത്ത് ഉവൈരിദ്’ റിസർവിനും ‘അൽ-ഗരാമിൽ’ സൈറ്റിനും ഇടയിലാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്. നഗരങ്ങളിൽ നിന്നുള്ള പ്രകാശ മലിനീകരണം ഏറ്റവും കുറഞ്ഞ പ്രദേശം എന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ സ്ഥാനം നിശ്ചയിച്ചിട്ടുള്ളത്. സൗദി ബഹിരാകാശ ഏജൻസി, കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി, ആഗോള പ്രശസ്തമായ എസ്.ഇ.ടി.ഐ (SETI) ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് അൽഉല റോയൽ കമീഷൻ ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.