ഹജ്ജ് തീർഥാടനം: നിയമലംഘനം നടത്തുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടിയുമായി സൗദി ടൂറിസം മന്ത്രാലയം
വരാനിരിക്കുന്ന ഹജ്ജ് സീസണിൽ മക്കയിലെയും മദീനയിലെയും ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം. ദുൽ ഖഅദ് ഒന്ന് മുതൽ മുഹറം മധ്യം വരെയുള്ള ഔദ്യോഗിക ഹജ്ജ് സീസൺ കാലയളവിൽ ഇരു നഗരങ്ങളിലുമുള്ള ഹോട്ടലുകൾ ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങൾ പ്രത്യേക സംഘം നിരീക്ഷിക്കും.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക പിഴയും നിയമനടപടികളുമാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 1,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴ ഈടാക്കും. നിയമലംഘനം പരിഹരിക്കുന്നത് വരെ സ്ഥാപനം അടച്ചുപൂട്ടാനും മന്ത്രാലയത്തിന് അധികാരമുണ്ടാകും. ഹജ്ജ് സീസണിന് മുമ്പ് നടത്തിയ നിയമലംഘനങ്ങൾ ആവർത്തിച്ചാൽ ശിക്ഷാ നടപടികൾ കടുപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഒരേ നിയമലംഘനം രണ്ടുതവണ ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാക്കുന്നതിനൊപ്പം സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. ഇത്തരം സ്ഥാപനങ്ങൾക്ക് 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തുകയോ പൂർണമായി അടച്ചുപൂട്ടുകയോ ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുക എന്നതാണ് ഈ കർശന നടപടികളിലൂടെ ലക്ഷ്യമിടുന്നത്.