പശ്ചിമേഷ്യൻ സംഘർഷം: സൗദി-ഖത്തർ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

 

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധവും മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സംബന്ധിച്ച് നേതാക്കൾ ചർച്ച ചെയ്തു. പശ്ചിമേഷ്യയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനുള്ള നയതന്ത്ര നീക്കങ്ങളും യോഗത്തിൽ വിലയിരുത്തി.

മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ഖത്തറും പാകിസ്താനും നടത്തുന്ന മധ്യസ്ഥശ്രമങ്ങൾക്ക് സൗദി വിദേശകാര്യ മന്ത്രി പിന്തുണ അറിയിച്ചു. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ നിരന്തരമായ കൂടിയാലോചനകളും ഏകോപനവും അത്യാവശ്യമാണെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം, പ്രധാന സമുദ്രപാതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര നാവിക ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും സംയുക്തമായി പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി.