ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന; പ്രത്യാക്രമണവുമായി ഹൂതി വിമതർ, സൗദിയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി

 

ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായതോടെ ചെങ്കടൽ മേഖല വീണ്ടും യുദ്ധഭീതിയിലായി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖത്തിന് നേരെ സൗദി സഖ്യസേന ശക്തമായ ആക്രമണം നടത്തി. ഹൂതികളുടെ ആയുധക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു സൈനിക നടപടി. ഇതിന് പുറമെ സന, സാദ, തായിസ് എന്നിവിടങ്ങളിലെ മിസൈൽ-ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും തകർത്തതായും സഖ്യസേന അറിയിച്ചു.

ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലേക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്ന പ്രധാന കവാടമാണ് ഹൊദൈദ തുറമുഖം. ആക്രമണത്തിന് മുന്നോടിയായി ഈ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ സഖ്യസേന സാധാരണക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആക്രമണത്തിന് ശേഷവും തുറമുഖം പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും ചരക്കുനീക്കം തടസ്സമില്ലാതെ തുടരുമെന്നും യെമൻ ഇൻഫർമേഷൻ മന്ത്രി വ്യക്തമാക്കി.

അതേസമയം, ഹൊദൈദ ആക്രമണത്തിന് മറുപടിയായി തെക്കൻ സൗദി അറേബ്യയിലെ പവർ സ്റ്റേഷനും തുറമുഖവും ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു. സൗദി ലക്ഷ്യമാക്കി എത്തിയ ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തതായാണ് റിപ്പോർട്ടുകൾ. വരും മണിക്കൂറുകളിൽ അതിരൂക്ഷമായ വ്യോമാക്രമണം നടത്തുമെന്ന് ഹൂതി വക്താവ് യഹ്യ സരീ മുന്നറിയിപ്പ് നൽകി.

മേഖലയിൽ സംഘർഷം കനത്തതോടെ ഇന്ത്യൻ വിമാനക്കമ്പനികൾ സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുകയാണ്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമാം സർവീസുകൾ നവംബർ 30 വരെയും ജിദ്ദ സർവീസുകൾ നവംബർ 24 വരെയും നിർത്തിവെച്ചു. ഇൻഡിഗോയുടെ സൗദിയിലേക്കുള്ള എല്ലാ സർവീസുകളും നവംബർ 30 വരെ റദ്ദാക്കിയിട്ടുണ്ട്.