സൗദി ഡാക്കർ റാലി 2026; ഏഴാം പതിപ്പിന് ഇന്ന് തുടക്കം
ലോകത്തിലെ ഏറ്റവും വലിയ ഓഫ്-റോഡ് മോട്ടോർ സ്‌പോർട്‌സ് മത്സരമായ ഡാക്കർ റാലിയുടെ 48-ാമത് പതിപ്പിന് (സൗദിയിൽ ഏഴാം പതിപ്പ്) ഇന്ന് തുടക്കമാകും. യാംബു ചെങ്കടൽ തീരത്തുനിന്ന് ആരംഭിക്കുന്ന റാലി സൗദിയുടെ വിവിധ ഭാഗങ്ങളിലൂടെ 7,994 കിലോമീറ്റർ സഞ്ചരിച്ച് ഈ മാസം 17-ന് യാംബുവിൽ തന്നെ സമാപിക്കും. ഇതിൽ 4,840 കിലോമീറ്റർ സമയബന്ധിതമായ പ്രത്യേക ഘട്ടങ്ങളാണ്. 69 രാജ്യങ്ങളിൽ നിന്നായി 39 വനിതകൾ ഉൾപ്പെടെ 812 മത്സരാർത്ഥികളാണ് ഇത്തവണ റാലിയിൽ പങ്കെടുക്കുന്നത്.
എട്ട് വ്യത്യസ്ത വിഭാഗങ്ങളിലായി 433 വാഹനങ്ങളാണ് മത്സരരംഗത്തുള്ളത്. യാംബുവിൽ നിന്ന് ആരംഭിക്കുന്ന റാലി അൽഉല, ഹാഇൽ, റിയാദ്, വാദി ദവാസിർ, ബീഷ, ഹനാക്കിയ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകും. സൗദിയിൽ നിന്ന് 25 യുവതീയുവാക്കൾ ഇത്തവണ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ചാമ്പ്യനായ യസീദ് അൽ രാജ്ഹിയാണ് സൗദി ടീമിനെ നയിക്കുന്നത്. സൗദി മോട്ടോർ സ്പോർട്‌സ് കമ്പനിയും അമോറി സ്‌പോർട്‌സ് ഓർഗനൈസേഷനും ചേർന്നാണ് റാലി സംഘടിപ്പിക്കുന്നത്.