സൗദി ഹൗസ് ഡ്രൈവർ വിസ: ഇന്ത്യയിൽ സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി
സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർ വിസയിൽ എത്തുന്നവർക്ക് ഇന്ത്യയിൽ തിങ്കളാഴ്ച മുതൽ സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള 'സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം' വഴിയാണ് പരിശോധന നടത്തുന്നത്. ഇതോടെ ഡ്രൈവിംഗ് സ്കിൽ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കാതെ ഹൗസ് ഡ്രൈവർ വിസ സ്റ്റാമ്പ് ചെയ്യാൻ സാധിക്കില്ല.
സൗദി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ 'മുസാനിദി'ൽ സ്കിൽ ടെസ്റ്റ് ഓപ്ഷൻ നിലവിൽ വന്നതോടെയാണ് പുതിയ നിയമം പ്രാബല്യത്തിലായത്. തിയറിയും പ്രാക്ടിക്കലും അടങ്ങുന്നതാണ് പരീക്ഷ. അതേസമയം, മറ്റു ഗാർഹിക വിസകൾക്ക് നിലവിൽ ഈ ടെസ്റ്റ് നിർബന്ധമല്ല.
ഔദ്യോഗിക വെബ്‌സൈറ്റ് വഴി പാസ്‌പോർട്ട് വിവരങ്ങൾ നൽകി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തശേഷമാണ് പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. പരീക്ഷയിൽ വിജയിക്കുന്നവർക്ക് തുടർന്നുള്ള വിസ സ്റ്റാമ്പിങ് നടപടികളിലേക്ക് കടക്കാം. നിലവിൽ കേരളത്തിൽ കൊച്ചിയിലാണ് പരീക്ഷാ കേന്ദ്രമുള്ളത്. ഇതിനുപുറമേ ബംഗളൂരു, മുംബൈ, മധുരൈ, ലഖ്നൗ, അജ്മീർ ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലും സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 2030-ഓടെ സൗദിയിലെ തൊഴിൽ മേഖല സമ്പൂർണ്ണമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.