വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം. ഇത്തരം വ്യാജ പ്രചാരണങ്ങൾ രാജ്യത്ത് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങൾക്കും സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.
കൃത്യതയില്ലാത്ത വിവരങ്ങളും വ്യാജ വീഡിയോകളും മറ്റുള്ളവരിലേക്ക് അയക്കുന്നത് ഒഴിവാക്കണം. പൊതുജനങ്ങൾ സുരക്ഷ മുൻനിർത്തി ഔദ്യോഗിക വാർത്താ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, വെരിഫൈഡ് സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ, ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി (SPA) എന്നിവയിലൂടെ പുറത്തുവരുന്ന വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.
കള്ളപ്രചാരണങ്ങൾ തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ പങ്കുവെക്കാവൂ എന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.