സൗദി തൊഴിൽ നിയമം; നിയമലംഘനങ്ങളിലും പിഴകളിലും ഭേദഗതി വരുത്തി മന്ത്രാലയം
Feb 26, 2026, 17:28 IST
സൗദി തൊഴിൽ നിയമത്തിലെ ലംഘനങ്ങൾക്കും അവയ്ക്കുള്ള പിഴകൾക്കും പുതിയ ഭേദഗതികൾ കൊണ്ടുവരാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. തൊഴിൽ വിപണി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സ്ഥാപനങ്ങളുടെ സ്ഥിരത ഉറപ്പാക്കുന്നതിനുമാണ് ഈ പരിഷ്കാരങ്ങളെന്ന് മന്ത്രി എൻജിനീയർ അഹമ്മദ് അൽ റാജിഹി അറിയിച്ചു. 2025 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച രാജകീയ ഉത്തരവിന് അനുസൃതമായാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
പുതുക്കിയ നിയമപ്രകാരം പ്രധാന പിഴകൾ
- അപകടകരമായ ജോലികൾ: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ജോലി സമയക്രമം, പ്രതിവാര അവധി എന്നിവ ലംഘിക്കുകയോ ചെയ്താൽ 20,000 റിയാൽ പിഴ ഈടാക്കും.
- ലൈസൻസില്ലാത്ത സേവനങ്ങൾ: അംഗീകാരമില്ലാതെ റിക്രൂട്ട്‌മെന്റ് അല്ലെങ്കിൽ ലേബർ സർവീസ് നടത്തിയാൽ 25,000 റിയാലാണ് പിഴ.
- രേഖകളിലെ വീഴ്ച: തൊഴിൽ കരാറുകൾ രേഖപ്പെടുത്താതിരിക്കുകയോ വിവരങ്ങൾ പുതുക്കാതിരിക്കുകയോ ചെയ്താൽ 10,000 റിയാൽ പിഴ നൽകണം.
- ഗാർഹിക തൊഴിൽ പരസ്യങ്ങൾ: തെറ്റായ വിവരങ്ങൾ നൽകുന്ന ഗാർഹിക തൊഴിൽ പരസ്യങ്ങൾക്ക് 15,000 റിയാൽ പിഴ ചുമത്തും.
- ഇലക്ട്രോണിക് രജിസ്‌ട്രേഷൻ: കരാറില്ലാതെ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാതെ തൊഴിലാളികളെ നിയമിച്ചാൽ ഒരാൾക്ക് 5,000 റിയാൽ വീതം പിഴ നൽകേണ്ടി വരും.