റോഡപകടങ്ങൾ കുറയ്ക്കാൻ ‘സൗദി റോഡ് കോഡ്’; അടുത്ത 20 വർഷത്തേക്കുള്ള വൻ പദ്ധതിയുമായി രാജ്യം

 

സൗദി അറേബ്യയിലെ റോഡ് ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ‘സൗദി റോഡ് കോഡ്’ നടപ്പിലാക്കുന്നു. അടുത്ത 20 വർഷത്തെ ഗതാഗത ആവശ്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും മുൻനിർത്തിയാണ് ഈ ബൃഹദ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. റോഡപകട മരണങ്ങൾ ഗണ്യമായി കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കി ചരക്കുനീക്കം സുഗമമാക്കാനും ലക്ഷ്യമിടുന്നതായി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് അറിയിച്ചു.

റോഡുകളുടെ ഗുണനിലവാരത്തിലും സുസ്ഥിരതയിലും ലോകത്ത് ആറാം സ്ഥാനത്ത് എത്തുക എന്നതാണ് പദ്ധതിയിലൂടെ സൗദി ലക്ഷ്യമിടുന്നത്. റോഡുകളുടെ ആസൂത്രണം, രൂപകല്പന, നിർമ്മാണം, അറ്റകുറ്റപ്പണി എന്നിവയിൽ രാജ്യത്തെ എല്ലാ വകുപ്പുകൾക്കും പിന്തുടരാവുന്ന ഒരു ഏകീകൃത സാങ്കേതിക മാർഗ്ഗരേഖയായി ഈ കോഡ് പ്രവർത്തിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നത് വഴി സാമ്പത്തിക, ലോജിസ്റ്റിക് മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

ആരോഗ്യ പരിവർത്തന പദ്ധതിയുടെ ഭാഗമായി അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം, ഗതാഗത സംബന്ധിയായ വിശ്വസനീയമായ വിവരങ്ങൾ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.