ദുബായിൽ ട്രാഫിക് കുരുക്ക് കുറയ്ക്കാൻ സ്കൂൾ സമയത്തിൽ മാറ്റം; പുതിയ നിർദേശവുമായി കെ.എച്ച്.ഡി.എ

 

ദുബായ് നഗരത്തിലെ റോഡുകളിലെ വൻ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി സ്‌കൂളുകളുടെ പ്രവർത്തനസമയത്തിൽ മാറ്റങ്ങൾ വരുത്താൻ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) തീരുമാനിച്ചു. എന്നാൽ, കൃത്യമായ പഠനങ്ങൾക്ക് ശേഷം അതോറിറ്റിയുടെ മുൻകൂട്ടിയുള്ള പ്രത്യേക അനുമതി വാങ്ങി മാത്രമേ ഓരോ സ്‌കൂളിനും പുതിയ സമയക്രമം നടപ്പിലാക്കാനാകൂ.

വിദ്യാർത്ഥികളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം രക്ഷിതാക്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി മാനിച്ചായിരിക്കണം സമയ മാറ്റം തീരുമാനിക്കേണ്ടതെന്ന് അതോറിറ്റി വ്യക്തമാക്കി. ദുബായിലെ സ്‌കൂളുകളിൽ വ്യത്യസ്ത സിലബസുകളും പാഠ്യേതര പ്രവർത്തനങ്ങളും നിലവിലുള്ളതിനാൽ എല്ലാ സ്ഥാപനങ്ങൾക്കും ഒരേ സമയക്രമം അടിച്ചേൽപ്പിക്കാനാകില്ലെന്ന് കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ആയിഷ മീരാൻ അറിയിച്ചു. ഓരോ സ്‌കൂളിന്റെയും സാഹചര്യം പരിഗണിച്ചാകും സമയ മാറ്റത്തിന് അനുമതി നൽകുക.