ദുബായിലെ സ്കൂളുകളിലും ഇനി ‘പാർക്കിൻ’ സേവനം; അപേക്ഷാ നടപടികൾ ഡിജിറ്റലാക്കി ലഘൂകരിക്കും
സ്കൂളുകൾ ഉൾപ്പെടെ ദുബായ് എമിറേറ്റിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാർക്കിംഗ് സബ്‌സ്‌ക്രിപ്ഷൻ അപേക്ഷാ സേവനങ്ങൾ ലളിതമാക്കുന്നതിനായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (KHDA) ദുബായിലെ പെയ്ഡ് പാർക്കിംഗ് നിയന്ത്രണ സ്ഥാപനമായ പാർക്കിനും (Parkin) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സ്കൂൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പാർക്കിംഗ് പെർമിറ്റുകൾ സ്വന്തമാക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനായി ഇരു സ്ഥാപനങ്ങളും ചേർന്ന് സംയോജിത ഡിജിറ്റൽ സംവിധാനം വികസിപ്പിക്കും.
നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രത്യേക സാക്ഷ്യപത്രങ്ങളും യോഗ്യത തെളിയിക്കുന്ന ഒട്ടനവധി രേഖകളും സമർപ്പിച്ചാൽ മാത്രമേ ഇത്തരം സബ്‌സ്‌ക്രിപ്ഷനുകൾ ലഭ്യമായിരുന്നുള്ളൂ. എന്നാൽ പുതിയ കരാർ പ്രകാരം കെഎച്ച്ഡിഎയുടെയും പാർക്കിന്റെയും ഡിജിറ്റൽ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതോടെ അപേക്ഷകരുടെ യോഗ്യത തത്സമയം (Real-time) പരിശോധിക്കാൻ സാധിക്കും. ഉപഭോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് തന്നെ, കടലാസ് ജോലികൾ ഒഴിവാക്കി നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
കുട്ടികളെ സ്കൂളിൽ വിടുന്ന സമയത്തെ തിരക്കൊഴിവാക്കാൻ പ്രത്യേക ക്രമീകരണം
രാവിലെയും വൈകുന്നേരവും കുട്ടികളെ സ്കൂളുകളിൽ കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്യുന്ന തിരക്കേറിയ സമയങ്ങളിൽ വിദ്യാലയങ്ങൾക്ക് ചുറ്റുമുള്ള പാർക്കിംഗ് ക്രമീകരണങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും ഇനി മുതൽ പാർക്കിൻ കമ്പനി നേരിട്ട് നിർവ്വഹിക്കും. ഇതുകൂടാതെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി ആകർഷകമായ ഇളവുകളോടെയുള്ള പാർക്കിംഗ് സബ്‌സ്‌ക്രിപ്ഷൻ പാക്കേജുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു മാസത്തേക്ക് 100 ദിർഹം മുതൽ ഒരു വർഷത്തേക്ക് 1000 ദിർഹം വരെയാണ് പുതിയ ഇളവുകളോടെയുള്ള പാർക്കിംഗ് നിരക്കുകൾ. ഇതുവഴി സാധാരണ നിരക്കുകളെ അപേക്ഷിച്ച് വർഷത്തിൽ 80 ശതമാനം വരെ പണം ലാഭിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ദുബായ് വിദ്യാഭ്യാസ അജണ്ട 33-ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ പുതിയ പങ്കാളിത്തമെന്ന് കെഎച്ച്ഡിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അംന അൽ മാസ്മി പറഞ്ഞു. മാനുഷികമായ ഇടപെടലുകൾ പരമാവധി ഒഴിവാക്കി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ കരാർ സഹായിക്കുമെന്ന് പാർക്കിൻ സിഇഒ മുഹമ്മദ് അബ്ദുള്ള അൽ അലി വ്യക്തമാക്കി. നിലവിൽ ദുബായിൽ 2,29,000 പെയ്ഡ് പാർക്കിംഗ് ഇടങ്ങളാണ് പാർക്കിൻ കമ്പനിയുടെ കീഴിലുള്ളത്.