യുഎഇയിൽ വിദ്യാലയങ്ങൾ ഇന്ന് തുറക്കും; ഓൺലൈൻ പഠനത്തിന് ശേഷം വിദ്യാർഥികൾ ക്ലാസ് മുറികളിലേക്ക്
മേഖലയിലെ സംഘർഷസാഹചര്യങ്ങളെത്തുടർന്നുണ്ടായ ചെറിയ ഇടവേളയ്ക്ക് ശേഷം യുഎഇയിലെ സ്കൂളുകളും സർവ്വകലാശാലകളും ഇന്ന് മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മെയ് അഞ്ച് മുതൽ എട്ട് വരെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയ നഴ്സറികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തിങ്കളാഴ്ച മുതൽ പഴയപടി പ്രവർത്തിച്ചു തുടങ്ങുന്നത്. വിദ്യാഭ്യാസ മന്ത്രാലയവും വിവിധ എമിറേറ്റുകളിലെ അതോറിറ്റികളുമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്.
ഇറാൻ ആക്രമണത്തെത്തുടർന്നുള്ള അനിശ്ചിതത്വം നിലനിന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ മന്ത്രാലയം ഓൺലൈൻ പഠനത്തിന് ഉത്തരവിട്ടത്. നിലവിൽ സാഹചര്യങ്ങൾ അനുകൂലമായതോടെയാണ് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചത്. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും മറ്റ് ജീവനക്കാരും ഇന്ന് മുതൽ വിദ്യാലയങ്ങളിൽ ഹാജരാകണം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതോറിറ്റികൾ നൽകിയിട്ടുള്ള കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്കൂളുകൾ തുറക്കുന്നതോടെ രാജ്യത്തെ സ്കൂൾ ബസുകൾ ഇന്ന് മുതൽ സർവീസ് നടത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും എല്ലാ എമിറേറ്റുകളിലെയും പോലീസ് സംവിധാനങ്ങൾ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ബദൽ പഠന രീതികൾ ഉടൻ നടപ്പിലാക്കാൻ സ്കൂളുകൾ സജ്ജമായിരിക്കണമെന്നും, ആവശ്യമെങ്കിൽ ഹൈബ്രിഡ് പഠനരീതി പിന്തുടരാമെന്നും അധികൃതർ വ്യക്തമാക്കി.