റിയാദ് സംഗീത വാരാഘോഷം ഡിസംബർ 4 മുതൽ 13 വരെ
സൗദി അറേബ്യയുടെ സംഗീത മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 'റിയാദ് മ്യൂസിക് വീക്കി'ന്റെ രണ്ടാം പതിപ്പ് ഡിസംബർ 4 മുതൽ 13 വരെ റിയാദിൽ നടക്കും. സംഗീതം, സംസ്കാരം, നൂതനത്വം എന്നിവയെ ഒരുമിപ്പിക്കുന്ന ഈ ആഗോള ആഘോഷം, പ്രാദേശികവും അന്തർദേശീയവുമായ സംഗീത പ്രതിഭകൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. സൗദി മ്യൂസിക് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ വർഷത്തെ പരിപാടിയിൽ പ്രമുഖരായ സംഗീതജ്ഞർ, നിർമാതാക്കൾ, നയരൂപവത്കരണ വിദഗ്ധർ എന്നിവർ പങ്കെടുക്കും. സൗദി സംഗീത രംഗത്തിന്റെ ഊർജസ്വലമായ സ്പന്ദനം ലോകം കണ്ടെത്താനുള്ള ക്ഷണമാണ് റിയാദ് മ്യൂസിക് വീക്കെന്ന് മ്യൂസിക് അതോറിറ്റി സി.ഇ.ഒ പോൾ പസിഫിക്കോ വ്യക്തമാക്കി. സാംസ്കാരികവും സർഗാത്മകവുമായ കൈമാറ്റത്തിലൂടെ അന്താരാഷ്ട്ര മാനം പ്രതിഫലിപ്പിക്കുന്ന പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
സൗദിയിലെ പ്രതിഭകളെയും പ്രാദേശിക സംഗീത ഉള്ളടക്കത്തെയും പ്രദർശിപ്പിക്കുന്നതിലൂടെയും വിവിധ മേഖലകളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും രാജ്യത്തെ കലാകാരന്മാർക്കും പ്രഫഷനലുകൾക്കും ദീർഘകാല വളർച്ചയും കരിയർ പാതകളും നൽകാനാണ് റിയാദ് മ്യൂസിക് വീക്ക് ലക്ഷ്യമിടുന്നത്. സൗദി റിസർച്ച് ആൻഡ് മീഡിയ ഗ്രൂപ്, എം.ഡി.എൽ ബീസ്റ്റ് എന്നിവരുമായി പ്രധാന പങ്കാളിത്തമുള്ള ഈ പതിപ്പിൽ സംഗീത പരിപാടികൾ, എക്സിബിഷനുകൾ, കോൺഫറൻസുകൾ, മറ്റ് വിവിധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്റർനാഷനൽ മ്യൂസിക് ബിസിനസ് മാനേജ്മെന്റ് ഫോറം, മ്യൂസിക് മേക്കേഴ്സ് സമ്മിറ്റ്, എക്സ്.പി ഫ്യൂച്ചർ ഓഫ് മ്യൂസിക് കോൺഫറൻസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഭാഷണങ്ങളും ഈ വർഷത്തെ പതിപ്പിന്റെ പ്രത്യേകതയാണ്.
പൈതൃക കേന്ദ്രങ്ങൾ, ആർട്ട് ഡിസ്ട്രിക്റ്റുകൾ, കഫേകൾ, ഗസ്റ്റ് ഹൗസുകൾ തുടങ്ങി റിയാദിലെ വിവിധ സ്ഥലങ്ങളിൽ സംഗീതാനുഭവങ്ങൾ അരങ്ങേറും. സംഗീത വിദ്യാഭ്യാസം, വ്യവസായത്തിലെ സാങ്കേതിക മുന്നേറ്റങ്ങൾ, പുതിയ കണ്ടുപിടുത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ഫോറങ്ങളിൽ നടക്കും. പ്രതിഭ, പ്രോഡക്ഷൻ, നൂതനത്വം, സ്വാധീനം എന്നീ നാല് പ്രധാന തൂണുകളിലാണ് റിയാദ് മ്യൂസിക് വീക്ക് 2025 രൂപകൽപന ചെയ്തിരിക്കുന്നത്. സംഗീത മേഖലയെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള മ്യൂസിക് അതോറിറ്റിയുടെ തുടർച്ചയായ ശ്രമമാണിത്. വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും സർഗാത്മക പ്രോഡക്ഷനെ പിന്തുണക്കുന്നതിനും നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംഗീത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.