ബാഗുകൾ തുറക്കാതെ സുരക്ഷാ പരിശോധന; ദുബൈ വിമാനത്താവളത്തിൽ അത്യാധുനിക സ്കാനറുകൾ വരുന്നു

 

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സുരക്ഷാ പരിശോധനകൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കാൻ അത്യാധുനിക സംവിധാനങ്ങൾ വരുന്നു. ഹാൻഡ് ബാഗേജുകളിൽ നിന്ന് ലാപ്ടോപ്പുകളും ദ്രാവകങ്ങളും പുറത്തെടുക്കാതെ തന്നെ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന പുതിയ സെക്യൂരിറ്റി സ്കാനറുകൾ വിമാനത്താവളത്തിൽ ഘടിപ്പിച്ചു വരികയാണ്. ദുബൈ എയർപോർട്ട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സാണ് ഈ മാറ്റങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

ടെർമിനൽ 1, കോൺകോഴ്സ് ബി എന്നിവടങ്ങളിലടക്കം വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. പുതിയ സ്കാനറുകൾ പ്രവർത്തനസജ്ജമാകുന്ന ട്രാക്കുകളിൽ യാത്രക്കാർക്ക് ഇനി ബാഗുകൾ തുറന്ന് സാധനങ്ങൾ ഓരോന്നായി മാറ്റേണ്ടി വരില്ല. തിരക്ക് കുറയ്ക്കുന്നതിനും പരിശോധനാ സമയം ഗണ്യമായി ലാഭിക്കുന്നതിനും ഇത് സഹായിക്കും.

വമ്പൻ അടിസ്ഥാനസൗകര്യ വികസനങ്ങൾ ഇല്ലാതെ തന്നെ കൂടുതൽ യാത്രക്കാരെ വേഗത്തിൽ കൈകാര്യം ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഷൂസും ബെൽറ്റും അഴിച്ചുവെച്ചുള്ള പഴയ രീതിയിലുള്ള സുരക്ഷാ പരിശോധനകൾ ഭാവിയിൽ പൂർണമായും ഒഴിവാക്കി, യാത്രക്കാർക്ക് സമയനഷ്ടമില്ലാതെ സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യമാണ് വിമാനത്താവളത്തിൽ ഒരുക്കുന്നത്.