സൗദിയിൽ വരും ദിവസങ്ങളിൽ കഠിനമായ തണുപ്പ്; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ കഠിനമായ തണുപ്പ് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നീളുന്ന ശക്തമായ ശൈത്യതരംഗമാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. അൽജൗഫ്, വടക്കൻ അതിർത്തി മേഖല, തബൂക്ക്, ഹാഇൽ, അൽഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ താപനില കുത്തനെ താഴാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചിലയിടങ്ങളിൽ കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ -2 ഡിഗ്രി സെൽഷ്യസ് (പൂജ്യം ഡിഗ്രിക്ക് താഴെ) വരെയാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അതിശൈത്യം ജനജീവിതത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓർമ്മിപ്പിച്ചു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും മറ്റും കരുതി വെക്കാനും ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കാനും അധികൃതർ അറിയിച്ചു.