യുഎഇയിൽ വരുംദിവസങ്ങളിൽ കടുത്ത ചൂടും പൊടിക്കാറ്റും; താപനില 47°C കടക്കും
Jun 8, 2026, 14:43 IST
യുഎഇയിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 47°C വരെ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. കിഴക്കൻ പ്രദേശങ്ങളിൽ നേരിയ മേഘാവൃതമായ അന്തരീക്ഷമായിരിക്കും.
വരുന്ന വെള്ളിയാഴ്ച വരെ രാജ്യത്ത് പൊതുവെ കടുത്ത ചൂടുള്ള കാലാവസ്ഥ തുടരും. ഈ ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞേക്കാം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ്, ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കും.
പ്രതീക്ഷിക്കുന്ന താപനില:
- ഉൾപ്രദേശങ്ങളിൽ: 42°C മുതൽ 47°C വരെ
- തീരപ്രദേശങ്ങളിലും ദ്വീപുകളിലും: 36°C മുതൽ 42°C വരെ
- മലയോര മേഖലകളിൽ: 32°C മുതൽ 38°C വരെ