വളർത്തുമൃഗങ്ങൾക്ക് വാക്സിൻ നൽകിയില്ലെങ്കിൽ കടുത്ത ശിക്ഷ; ഒരു വർഷം തടവും രണ്ട് ലക്ഷം റിയാൽ വരെ പിഴയും പ്രഖ്യാപിച്ച് ഖത്തർ
Sep 20, 2026, 14:15 IST
ഖത്തറിൽ വളർത്തുമൃഗങ്ങൾക്ക് സാംക്രമിക രോഗങ്ങൾക്കെതിരെയുള്ള വാക്സിനേഷൻ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം വരെ തടവും 2 ലക്ഷം ഖത്തർ റിയാൽ വരെ പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്. മൃഗസംരക്ഷണവും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനായി തയാറാക്കിയ 2026-ലെ 12-ാം നമ്പർ മൃഗാരോഗ്യ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളും മറ്റ് സാംക്രമിക രോഗങ്ങളും തടയുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. മൃഗങ്ങളിൽ രോഗബാധയോ ലക്ഷണങ്ങളോ സംശയിച്ചാൽ 24 മണിക്കൂറിനകം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും, രോഗബാധയുള്ളവയെ അധികൃതർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ മാറ്റി നിർത്തണമെന്നും വ്യവസ്ഥയുണ്ട്.
നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കും. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷമായിരിക്കും പ്രാബല്യത്തിൽ വരിക.