ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി; വിദേശ വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് നിയന്ത്രണം യു.എസ് കോടതി തടഞ്ഞു

 

അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പുകൾക്കും പ്രായോഗിക പരിശീലന അവസരങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി യു.എസ് ഫെഡറൽ കോടതി തടഞ്ഞു. ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കേറ്റ വലിയൊരു തിരിച്ചടിയായാണ് ഈ കോടതി വിധി വിലയിരുത്തപ്പെടുന്നത്.

F-1 വിസയിൽ അമേരിക്കയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് പഠനവിഷയവുമായി ബന്ധപ്പെട്ട തൊഴിൽ പരിചയം നേടാൻ സഹായിക്കുന്ന 'കരിക്കുലർ പ്രാക്ടിക്കൽ ട്രെയിനിങ്' (CPT) പ്രോഗ്രാമിന്റെ യോഗ്യതകൾ പരിമിതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. എന്നാൽ, നവംബർ 17-ന് ഈ രണ്ട് നിർദ്ദേശങ്ങളും നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ബോസ്റ്റണിലെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജൂലിയ കോബിക് ഉത്തരവിറക്കി. അസോസിയേഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്സിറ്റീസ്, പ്രസിഡന്റ്സ് അലയൻസ് ഓൺ ഹയർ എജ്യുക്കേഷൻ ആൻഡ് ഇമിഗ്രേഷൻ എന്നിവരുൾപ്പെടെ നാല് ഉന്നത വിദ്യാഭ്യാസ സംഘടനകൾ നൽകിയ ഹർജിയിലാണ് നിർണ്ണായക വിധി.

കഴിഞ്ഞ 35 വർഷത്തിലേറെയായി, പാഠ്യപദ്ധതിയുടെ ഭാഗമായതോ അക്കാദമിക് ക്രെഡിറ്റ് ലഭിക്കുന്നതോ ആയ ഇന്റേൺഷിപ്പുകൾ ചെയ്യാൻ വിദേശ വിദ്യാർത്ഥികൾക്ക് സർവകലാശാലകൾ അനുമതി നൽകിയിരുന്നു. എന്നാൽ, ഒരു ഡിഗ്രി പ്രോഗ്രാമിൽ ചേരുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പ് നിർബന്ധമാണെങ്കിൽ മാത്രമേ സി.പി.ടി അനുവദിക്കൂ എന്നായിരുന്നു ഡി.എച്ച്.എസിന്റെ പുതിയ നിബന്ധന. ഇതോടെ സ്വന്തം താല്പര്യപ്രകാരം അക്കാദമിക് ക്രെഡിറ്റിനായി വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന ഇന്റേൺഷിപ്പ് അവസരങ്ങൾ ഇല്ലാതാകുന്ന സാഹചര്യമുണ്ടായി.

നയപരമായ വലിയ മാറ്റം കൃത്യമായി വിശദീകരിക്കാതെ, സി.പി.ടി യോഗ്യത സംബന്ധിച്ച ദീർഘകാലമായുള്ള വ്യാഖ്യാനത്തിൽ ഏകപക്ഷീയമായി മാറ്റം വരുത്തുന്നതിലൂടെ ഭരണകൂടം 'അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജ്യർ ആക്ട്' ലംഘിച്ചതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) കണക്കുകൾ പ്രകാരം 2024-ൽ മാത്രം 1,40,775 അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കാണ് സി.പി.ടി അനുമതി ലഭിച്ചത്. ആമസോണും ടെസ്‌ലയുമായിരുന്നു ആ വർഷം ഏറ്റവും കൂടുതൽ സി.പി.ടി വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകിയ പ്രമുഖ സ്ഥാപനങ്ങൾ. കോടതിയുടെ പുതിയ വിധി ഇന്ത്യക്കാരടക്കമുള്ള ലക്ഷക്കണക്കിന് വിദേശ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. വിധിയോട് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.