ഹോങ് കോങ്ങിൽ പൊതുസ്ഥലത്ത് കൊറിയൻ യുവതിക്ക് നേരേ ലൈംഗികാതിക്രമം; ഇന്ത്യൻ വംശജൻ കസ്റ്റഡിയിൽ

 

ഹോങ് കോങ്ങിൽ പൊതുസ്ഥലത്ത് കൊറിയൻ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ വംശജൻ കസ്റ്റഡിയിൽ. വിനോദസഞ്ചാരിയായ ദക്ഷിണകൊറിയൻ യുവതിയെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്ത യുവാവിനെയാണ് പിടികൂടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്ളോഗർ കൂടിയായ യുവതി പുറത്തുവിട്ടിരുന്നു.

ഹോങ് കോങ് സെൻട്രലിൽവെച്ചാണ് യുവതിക്ക് നേരേ അതിക്രമം നടന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. നഗരത്തിലൂടെ നടക്കാനിറങ്ങിയ യുവതി നഗരക്കാഴ്ചകൾ സാമൂഹികമാധ്യമത്തിലൂടെ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഇതിനിടെയാണ് ഒരാൾ വഴി ചോദിച്ച് യുവതിയെ സമീപിച്ചത്. പിന്നാലെ ഇയാൾ യുവതിയെ കടന്നുപിടിക്കുകയും തന്നോടൊപ്പം വരാൻ നിർബന്ധിക്കുകയുമായിരുന്നു. യുവതി ഒഴിഞ്ഞുമാറിയെങ്കിലും ഇയാൾ പിന്തുടർന്നെത്തി ഉപദ്രവിച്ചു. ഇതെല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ യുവതിയുടെ ഫോളോവേഴ്സ് കണ്ടിരുന്നു.

'ഞാൻ ഒറ്റയ്ക്കാണ്, എന്നോടൊപ്പം വരൂ' എന്നുപറഞ്ഞാണ് പ്രതി യുവതിയെ കയറിപിടിച്ചത്. കൈ പിടിച്ചുമാറ്റിയ യുവതി, 'നോ, നോ' എന്ന് പറയുന്നുണ്ടെങ്കിലും പ്രതി പിന്തുടരുകയായിരുന്നു. തുടർന്ന് മെട്രോ സ്റ്റേഷനിലെ വഴിയിൽവെച്ചാണ് പ്രതി വീണ്ടും കയറിപിടിച്ചത്. പിന്നാലെ ബലമായി ചുംബിക്കുകയും ചെയ്തു. ഇതോടെ യുവതി കരഞ്ഞുകൊണ്ട് സഹായം അഭ്യർഥിക്കുകയും തൊട്ടുപിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു.

അതിക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻപ്രതിഷേധമാണുയർന്നത്. ദൃശ്യങ്ങളിലുള്ള യുവാവിന്റെ പേര് അമിത് ജരിയാൽ എന്നാണെന്നും ചിലർ സാമൂഹികമാധ്യമങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കെന്നഡി ടൗണിൽനിന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.