ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം; ഇന്ത്യൻ, പോർചുഗീസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി ഷാർജ ഭരണാധികാരി

 

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇന്ത്യ, പോർചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള പുരാരേഖ വിഭാഗത്തിലെ പണ്ഡിതരുടെയും വിദഗ്ധരുടെയും സംഘവുമായി ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കൂടിക്കാഴ്ച നടത്തി. ഷാർജ ബുക്ക് അതോറിറ്റി അധ്യക്ഷ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയും ചടങ്ങിൽ സന്നിഹിതയായിരുന്നു.

ഗോവ ഗവൺമെന്റ് ആർക്കൈവ്സ് വിഭാഗം ഡയറക്ടർ ഡോ. ബാലാജി ഷിനോയ്, പോർചുഗീസ് നാഷണൽ ആർക്കൈവ്സ് ഡയറക്ടർ ജനറൽ ഡോ. ലൂയിസ് ഫിലിപ്പ് സാന്റോസ് തുടങ്ങിയ പ്രമുഖർ സംഘത്തിലുണ്ടായിരുന്നു.ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസ് അധിനിവേശ ചരിത്രം പ്രമേയമാക്കി ഇംഗ്ലീഷിലും അറബിയിലുമായി 61 വാല്യങ്ങളിൽ താൻ തയ്യാറാക്കിയ പുതിയ വിജ്ഞാനകോശം പ്രസിദ്ധീകരിക്കാൻ കമ്പനി ഓഹരികൾ വിറ്റഴിക്കേണ്ടി വന്നതായി ഷാർജ ഭരണാധികാരി വെളിപ്പെടുത്തി.

പ്രസാധന രംഗത്ത് ചെലവുകൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഷാർജ സിമന്റ്സിലുണ്ടായിരുന്ന തന്റെ ഓഹരികൾ വിറ്റഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയതെന്നും അഭിമുഖത്തിൽ തുറന്നുപറഞ്ഞു.മേളയിൽ കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഒരേസമയം 12 പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. കൂടാതെ, അർബുദത്തോടുള്ള പോരാട്ടദിനങ്ങളെ 'കനലിലെ കനിവാഴങ്ങൾ' എന്ന പുസ്തകമാക്കിയ അധ്യാപിക ഷൈമ മാടത്തിങ്ങലിന്റെ രചനയും, പ്രവാസി എഴുത്തുകാരൻ സമാഹിന്റെ 'വിദ ഫെലിസ്' എന്ന പുസ്തകവും പുസ്തകോത്സവത്തിൽ വായനക്കാരുടെ ശ്രദ്ധ നേടി.