ഷാർജ റമദാൻ നൈറ്റ്‌സ് നാളെ മുതൽ; ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കുറവ്
 

 

വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഷാർജ എക്സ്പോ സെന്ററിൽ ഒരുക്കുന്ന 'ഷാർജ റമദാൻ നൈറ്റ്‌സ്' മാർച്ച് 10 മുതൽ ആരംഭിക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ ജനപ്രിയ പരിപാടിയുടെ 43-ാമത് എഡിഷനാണ് നാളെ തുടങ്ങുന്നത്. ഷോപ്പിംഗിനൊപ്പം വിനോദ വിജ്ഞാന പരിപാടികൾക്കും മുൻഗണന നൽകുന്ന രീതിയിലാണ് ഇത്തവണത്തെ മേള ക്രമീകരിച്ചിരിക്കുന്നത്.

പതിനായിരത്തിലധികം ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കുറവാണ് മേളയിൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സന്ദർശകർക്കായി പ്രത്യേക സമ്മാനങ്ങളും പ്രമോഷനുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, വിവിധയിനം പാനീയങ്ങൾ, ജനപ്രിയ റമദാൻ വിഭവങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം പ്രദർശനത്തിലുണ്ടാകും. അറബ് പാരമ്പര്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന 'ഹെറിറ്റേജ് വില്ലേജ്' ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

റമദാൻ നൈറ്റ്‌സ് സന്ദർശകർക്കായി എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 1 മണി വരെ തുറന്നു പ്രവർത്തിക്കും. ഈദുൽ ഫിത്ർ ദിനങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 12 വരെയായിരിക്കും പ്രവർത്തന സമയം. ഷാർജയിലെ ഷോപ്പിംഗ് രംഗത്തെ ഏറ്റവും മികച്ച അനുഭവമായി മാറുന്ന റമദാൻ നൈറ്റ്‌സ് വരും ദിവസങ്ങളിൽ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.