യുഎഇയിലെ സുരക്ഷിത ഡ്രൈവർമാരുടെ പട്ടികയിൽ ഷാർജ ഒന്നാമത്

 

യുഎഇയിൽ ഏറ്റവും സുരക്ഷിതമായി വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ പട്ടികയിൽ ഷാർജ ഒന്നാം സ്ഥാനത്ത് എത്തി. 100-ൽ 84.4 പോയിന്റ് നേടിയാണ് ഷാർജ മുൻപന്തിയിലെത്തിയത്. 82.2 പോയിന്റുമായി അബുദാബി രണ്ടാമതും 80.3 പോയിന്റോടെ ദുബായ് മൂന്നാമതുമാണ്.

ഡ്രൈവിങ് പരിശീലന നിലവാരം, റോഡ് സുരക്ഷ, ഡ്രൈവിങ് രീതികൾ, പൊതുജന താൽപര്യം തുടങ്ങി ഏഴ് പ്രധാന ഘടകങ്ങൾ മൂന്ന് മേഖലകളിലായി വിലയിരുത്തി ബിൻ യാബർ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് സൂചിക തയാറാക്കിയത്. പഠനമനുസരിച്ച് അബുദാബിയിലെ ഡ്രൈവർമാരുടെ ശരാശരി വേഗം മണിക്കൂറിൽ 28.3 കിലോമീറ്ററാണ്. ഏഴ് എമിറേറ്റുകളിലും രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ ശരാശരി വേഗമാണിത്.

2024-ലെ ഹിറ്റ് ആൻഡ് റൺ അപകടങ്ങളുടെ കണക്കിലും കാര്യമായ വ്യത്യാസങ്ങളുണ്ട്. ദുബായിൽ 378 അപകടങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഷാർജയിൽ ഇത് 96 മാത്രമായിരുന്നു. പട്ടികയിൽ അജ്മാൻ നാലാമതും റാസൽഖൈമ അഞ്ചാമതും ഫുജൈറ ആറാമതും എത്തിയപ്പോൾ, 17.6 പോയിന്റോടെ ഉമ്മുൽഖുവൈൻ ഏഴാം സ്ഥാനത്താണ്.