ഷാർജയിലെ ബീച്ചുകൾ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു

 

കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ചയെ തുടർന്നുണ്ടായ സമുദ്രമലിനീകരണം പൂർണമായും നിയന്ത്രണവിധേയമാക്കിയ ശേഷം ഷാർജയിലെ ബീച്ചുകൾ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തു. ബീച്ചുകൾ ഇപ്പോൾ പൂർണമായും സുരക്ഷിതമാണെന്നും പൊതുജനങ്ങൾക്ക് സന്ദർശിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും സാധിക്കുമെന്നും ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു.

പൊതുജനാരോഗ്യത്തിനോ സമുദ്രജീവികൾക്കോ ദോഷകരമായ ഘടകങ്ങളൊന്നും നിലവിലില്ലെന്ന് വിവിധ പരിശോധനകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഉറപ്പുവരുത്തിയ ശേഷമാണ് ബീച്ചുകൾ തുറക്കാൻ തീരുമാനിച്ചത്. ശുചീകരണ പ്രവർത്തനങ്ങളോട് പൂർണമായി സഹകരിച്ച താമസക്കാർക്ക് അധികൃതർ നന്ദി രേഖപ്പെടുത്തി. സുരക്ഷ ഉറപ്പാക്കുന്നതിനായി മേഖലയിൽ 24 മണിക്കൂറും കർശന നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.