ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ്: 'ലോകത്തെ മികച്ച അഭിഭാഷകരെയും ഒപ്പം കൂട്ടിക്കോളൂ' എന്ന് ബംഗ്ലാദേശ്

 

ഈ വർഷാവസാനത്തോടെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ് സർക്കാർ. എന്നാൽ തിരിച്ചെത്തിയാൽ അവർ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും, വേണമെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ ഒപ്പം കൂട്ടിക്കോളൂ എന്നും ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേശകൻ സാഹിദുർ റഹ്മാൻ വെല്ലുവിളിച്ചു.

ഹസീനയുടെ മടങ്ങിവരവ് റെഡ് കാർപെറ്റ് സ്വീകരണത്തിനല്ല, മറിച്ച് നിയമത്തിന് മുന്നിൽ ഹാജരാക്കാനാണെന്ന് സർക്കാർ വ്യക്തമാക്കി. 2024-ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതിലൂടെയുണ്ടായ മരണങ്ങളിൽ 'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ' ചുമത്തി കഴിഞ്ഞ വർഷം ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഹസീനയെ വിട്ടുനൽകുന്നത് നിയമപരമായ വിഷയമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

തനിക്കെതിരെയുള്ള കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുന്ന ഹസീന, വധശിക്ഷയ്‌ക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. അതേസമയം, ട്രൈബ്യൂണലിലെ വിചാരണ പൂർണ്ണമായും സുതാര്യമായിരിക്കുമെന്നും കോടതി അവരെ കുറ്റവിമുക്തയാക്കിയാൽ അത് അംഗീകരിക്കാൻ സർക്കാർ തയ്യാറാണെന്നും സാഹിദുർ റഹ്മാൻ കൂട്ടിച്ചേർത്തു.