നവംബർ മൂന്നിന് ദേശീയ പതാക ഉയർത്താൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഹ്വാനം ചെയ്തു
യു.എ.ഇയുടെ ദേശീയ പതാക ദിനമായ നവംബർ മൂന്നിന് പൗരന്മാരും താമസക്കാരും സ്ഥാപനങ്ങളും പതാക ഉയർത്തണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഹ്വാനം ചെയ്തു. അന്നേ ദിവസം കൃത്യം രാവിലെ 11 മണിക്ക് എല്ലാവരും പതാക ഉയർത്തണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. മാതൃരാജ്യത്തോടും അതിന്റെ നേതൃത്വത്തോടുമുള്ള വിശ്വസ്തത പ്രകടിപ്പിക്കുന്നതിനും, ഒപ്പം രാജ്യത്തിന്റെ ഐക്യത്തിന്റെ മൂല്യം പുതുക്കുന്നതിനുള്ള പ്രതിബദ്ധത അടയാളപ്പെടുത്തുന്നതിനും വേണ്ടിയാണ് ദേശീയ പതാക ദിനം ആചരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ദേശീയത ഉയർത്തിപ്പിടിച്ച് നവംബർ മൂന്നിന് യു.എ.ഇയിലെ കടകളിലും വീടുകളിലും തെരുവുകളിലുമെല്ലാം ദേശീയ പതാകകൾ അലങ്കരിക്കും. പതാക പ്രദർശിപ്പിക്കുമ്പോൾ ദേശീയ ചിഹ്നത്തോടുള്ള ബഹുമാനം നിലനിർത്തണം. ഓരോ തവണയും പതാക ഉയർത്തുന്നതിന് മുമ്പ് കേടുപാടുകളോ, നിറം മങ്ങലോ, കീറലോ സംഭവിച്ചിട്ടില്ലെന്ന് ജനങ്ങൾ ഉറപ്പുവരുത്തണം. തെരുവിന്റെ മധ്യത്തിൽ പതാക തൂക്കുമ്പോൾ അത് ലംബമായി തൂങ്ങിക്കിടക്കണം, ചുവന്ന ഭാഗം മുകളിലേക്കും മറ്റ് മൂന്ന് നിറങ്ങൾ താഴേക്കും വരത്തക്കവിധമായിരിക്കണം ക്രമീകരിക്കേണ്ടത്. ദേശീയ പതാക ദിനം മുതൽ ഈദുൽ ഇത്തിഹാദ് ദിനമായ ഡിസംബർ രണ്ട് വരെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനായി എമിറേറ്റിൽ നേരത്തേ 'ദേശീയ മാസം' പ്രഖ്യാപിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള ആഘോഷ പരിപാടികൾ പ്രഖ്യാപിക്കുന്നത്.