കാലിഫോർണിയയിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്
കാലിഫോർണിയയിലെ സൊളാനോ ടൗൺ സെന്റർ മാളിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാളിനുള്ളിലെ സ്പിരിറ്റ് ഹാലോവീൻ സ്റ്റോറിലാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുക്കാൻ പോലീസിന് സാധിച്ചിട്ടില്ല.
രാത്രി 8.30-ഓടെയാണ് സംഭവം നടന്നതെന്ന് ഫെയർഫീൽഡ് പോലീസ് അറിയിച്ചു. ഒന്നിലധികം അക്രമികൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ചു മുതൽ ഏഴു തവണ വരെ വെടിയൊച്ച കേട്ടതോടെ മാളിലുണ്ടായിരുന്ന ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി.
സംഭവത്തിന് പിന്നാലെ മാളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും പരിസര പ്രദേശങ്ങളിൽ പോലീസ് വ്യാപക തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. അന്വേഷണം പൂർത്തിയാകുന്നതുവരെ മാളിന്റെ പരിസരത്തേക്ക് പൊതുജനങ്ങൾ വരരുതെന്ന് ഫെയർഫീൽഡ് മേയർ അഭ്യർത്ഥിച്ചു. പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി അധികൃതർ വ്യക്തമാക്കി.