ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിൽനിന്ന് ജുബൈലിലേക്കും ഖഫ്ജിയിലേക്കും ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു
ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെ (King Fahd International Airport) ജുബൈൽ (Jubail), ഖഫ്ജി (Khafji) നഗരങ്ങളുമായി ബന്ധിപ്പിച്ച് പുതിയ ഷട്ടിൽ ബസ് സർവീസുകൾ ആരംഭിച്ചു. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും ദമ്മാം എയർപോർട്ടും ചേർന്നാണ് വ്യോമ-കര ഗതാഗത സേവനങ്ങളെ ഏകോപിപ്പിക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇരുദിശകളിലേക്കുമുള്ള ഈ ബസ് സർവീസ് വിമാനത്താവള യാത്രക്കാർക്ക് യാത്ര സുഗമമാക്കാനും യാത്രാച്ചെലവ് കുറയ്ക്കാനും സഹായിക്കും.
40 റിയാലാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാർക്ക് 'darbalwatan.com' എന്ന വെബ്‌സൈറ്റ് വഴിയോ, വിമാനത്താവളത്തിലെ അറൈവൽ ഗേറ്റ് 5, 6 എന്നിവയ്ക്ക് സമീപമുള്ള സർവീസ് ഓഫീസുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വൈഫൈ, ചാർജിങ് പോയിന്റുകൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ബസുകളാണ് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി സർവീസിനായി ഉപയോഗിക്കുന്നത്.