യു.എ.ഇയിൽ സിക്ക് ലീവ് സർട്ടിഫിക്കറ്റ് ഇനി എളുപ്പത്തിൽ കിട്ടും
യു.എ.ഇയിൽ സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഇനി മുതൽ കൂടുതൽ ലളിതവും വേഗത്തിലുമാകും. ഇതുസംബന്ധിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) പുതിയ സംവിധാനം പ്രഖ്യാപിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ എമിറേറ്റുകളിലെ ആരോഗ്യ കേന്ദ്രങ്ങൾ വഴി സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതും അംഗീകരിക്കുന്നതുമായ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ സംവിധാനമനുസരിച്ച് രോഗികൾ നേരിട്ട് അറ്റസ്റ്റേഷനായി അപേക്ഷ നൽകേണ്ടതില്ല. പകരം, ബന്ധപ്പെട്ട ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും നേരിട്ടായിരിക്കും സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ മന്ത്രാലയത്തിന് സമർപ്പിക്കുക. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന അപേക്ഷകൾ, രോഗി വീണ്ടും അപേക്ഷ സമർപ്പിക്കേണ്ട ആവശ്യമില്ലാതെ തന്നെ അടുത്ത ഘട്ടത്തിലേക്ക് തനിയെ കൈമാറ്റം ചെയ്യപ്പെടും.
രോഗികൾക്ക് പുറമെ, കൂട്ടിരിപ്പുകാർക്കുള്ള അവധി അപേക്ഷകളും (Companion Leave) ഇനി മുതൽ ആരോഗ്യകേന്ദ്രങ്ങൾക്ക് നേരിട്ട് സമർപ്പിക്കാം. ഫെഡറൽ സർക്കാർ ജീവനക്കാർക്കും അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ പ്രാദേശിക സർക്കാർ ജീവനക്കാർക്കുമാണ് നിലവിൽ ഈ സേവനം ലഭ്യമാകുക. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെ രോഗികളുടെ സമയലാഭവും ബുദ്ധിമുട്ടുകളും കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.