ജിദ്ദയിൽ ആറാമത് ഹജ്ജ് എക്സ്‌പോയ്ക്ക് തുടക്കം; 150-ലേറെ രാജ്യങ്ങൾ പങ്കെടുക്കും

 

സൗദിയിലെ ജിദ്ദ സൂപ്പർ ഡോമിൽ ആറാമത് ഹജ്ജ് ഉച്ചകോടിയും എക്സ്‌പോയും ഞായറാഴ്ച ആരംഭിക്കുന്നു. വരുന്ന 2027-ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി നവംബർ 8 മുതൽ 11 വരെയാണ് നടക്കുന്നത്. ഇന്ത്യയടക്കം 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സേവനദാതാക്കളും ഈ മഹാമേളയിൽ സംബന്ധിക്കും.

നൂറിലേറെ രാജ്യങ്ങളുമായുള്ള ഹജ്ജ് കരാറുകളിൽ സൗദി മന്ത്രാലയം ഒപ്പുവെക്കുന്നത് ഈ സമ്മേളനത്തിലാണ്. ഇന്ത്യക്ക് വേണ്ടിയുള്ള ഔദ്യോഗിക ഹജ്ജ് കരാറിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജു ഒപ്പുവെക്കും. വിമാന സർവീസുകൾ, താമസം, ഗതാഗതം, ഭക്ഷണം, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ മുൻനിർത്തി കൂടുതൽ മികച്ചതും ലളിതവുമായ സേവനങ്ങൾ തീർഥാടകർക്ക് ലഭ്യമാക്കാനുള്ള ചർച്ചകൾ എക്സ്‌പോയിൽ നടക്കും.

തീർഥാടന രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഡിജിറ്റൽ സംവിധാനങ്ങളും പ്രദർശിപ്പിക്കുന്ന 'ഹജ്ജ് ഇന്നൊവേഷൻ സോൺ', 'ടെക്നോളജി ഒയാസിസ്' എന്നീ പവലിയനുകളും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.