മനാമയിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ 'സ്മാർട്ട് കാർ-ഷെയറിങ്' പദ്ധതിക്ക് അംഗീകാരം

 

ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനും ദൈനംദിന യാത്രാച്ചെലവുകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള സ്മാർട്ട് കാർ-ഷെയറിങ് പദ്ധതിക്ക് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് അംഗീകാരം നൽകി. ബോർഡ് അംഗം ഡോ. ബഷാർ അഹമ്മദി സമർപ്പിച്ച ഈ സുസ്ഥിര പങ്കാളിത്ത ഗതാഗതത്തിനുള്ള നിർദ്ദേശം തലസ്ഥാനത്തിന്റെ വിശാലമായ ഗതാഗത പദ്ധതികളോട് കൂട്ടിച്ചേർക്കും.

പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ ആപ്ലിക്കേഷനെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി പ്രവർത്തിക്കുക. ഒരേ സ്ഥലത്തേക്കോ അടുത്തുള്ള പ്രധാന ജോലികേന്ദ്രങ്ങളിലേക്കും സർവകലാശാലകളിലേക്കും പോകുന്ന ആളുകൾക്ക് അവരുടെ യാത്രകൾ പരസ്പരം പങ്കുവെക്കാൻ ഇത് അവസരം നൽകും. ലൈ​വ് മാ​പ്പു​ക​ളും ത​ത്സ​മ​യ അ​പ്‌​ഡേ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ച്, യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ സ്ഥ​ല​വും സ​മ​യ​വും അ​നു​സ​രി​ച്ച് ഡ്രൈ​വ​ർ​മാ​രെ​യും യാ​ത്ര​ക്കാ​രെ​യും ആ​പ്പ് മാ​ച്ച് ചെ​യ്യും. കൂടാതെ ഇന്ധനച്ചെലവ് പങ്കുവെക്കുന്നതിനുള്ള ഓപ്ഷനും ഇതിൽ ഉണ്ടാകും.

കൃത്യമായ യാത്രാരീതികളുള്ള ഒരു വലിയ കൂട്ടം ഉപയോക്താക്കളെ സൃഷ്ടിച്ച് പദ്ധതി സുഗമമായി നടപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ, വൻകിട വാണിജ്യ, ഓഫീസ് മേഖലകളിലെ ജീവനക്കാർ, സ്വകാര്യ സർവകലാശാലകളിലെയും യൂണിവേഴ്സിറ്റി ഓഫ് ബഹ്‌റൈൻ, ബി.ഐ.ബി.എഫ് പോലുള്ള സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ, ജോലിയുടെ സമയവും റൂട്ടുകളും നിശ്ചിതമായിട്ടുള്ള സർക്കാർ ജീവനക്കാർ, ബാങ്ക് ജീവനക്കാർ എന്നിവരെയാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി ചെലവ് കുറഞ്ഞ യാത്രാരീതിക്ക് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. വിശദമായ ചർച്ചകൾക്ക് ശേഷം ഏകകണ്ഠമായി അംഗീകരിച്ച ഈ നിർദ്ദേശം ഇപ്പോൾ അവലോകനത്തിനായി മുനിസിപ്പാലിറ്റികാര്യ-കൃഷി മന്ത്രി വഈൽ അൽ മുബാറക്കിനും തുടർന്ന് ഗതാഗത-ടെലികമ്യൂണിക്കേഷൻസ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയ്ക്കും കൈമാറിയിട്ടുണ്ട്.