ഷാർജ ദുബായ് ട്രാഫിക് കുരുക്കുകൾക്ക് പരിഹാരം; 750 ദശലക്ഷം ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി

 

മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഷാർജ ദുബായ് ട്രാഫിക് കുരുക്കുകൾക്ക് പരിഹാരമായി 750 ദശലക്ഷം ദിർഹത്തിന്റെ വൻകിട പദ്ധതികൾ പ്രഖ്യാപിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.മി 'ഡയറക്ട് ലൈൻ' റേഡിയോ പരിപാടിയിലൂടെയാണ് അദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്

അൽ താവുൻ റോഡിലെ ഗതാഗതം സുഗമമാക്കാൻ അൽ നഹ്ദ പാലം വരെ നീളുന്ന ഇരട്ടപ്പാതയോടുകൂടിയ ഭൂഗർഭതുരങ്കമാണ് നിർമിക്കുന്നത്.ഇതോടൊപ്പം അൽ ഉറൂബ സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച് അൽ നഹ്ദ പാലം വഴി ദുബായിലേക്ക് പ്രവേശിക്കുന്ന പുതിയ പാതയായ 'അൽ നൂർ റോഡ്' ഈ വർഷം അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും ഷാർജ ഭരണാധികാരി അറിയിച്ചു. അൽ താവുൻ തുരങ്കം വരുന്നതോടെ റൗണ്ട് എബൗട്ടിലെ വാഹനത്തിരക്ക് കുറയുകമാത്രമല്ല, ഇതിനെ എമിറേറ്റ്‌സ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് തുടങ്ങിയ പ്രധാന ഹൈവേകളുമായി നേരിട്ട് ബന്ധിപ്പിക്കാനും സാധിക്കും.

പുതിയ റോഡുകളിലൂടെ യാത്ര ചെയ്യുന്നവർക്ക് ഷാർജ എക്സ്സ്‌പോ സെന്ററിലെ പാർക്കിങ് സൗകര്യങ്ങളിലേക്ക് തടസ്സമില്ലാതെ നേരിട്ട് പ്രവേശിക്കാൻ സാധിക്കുന്ന രീതിയിൽ കൃത്യമായ ദിശാസൂചക ബോർഡുകൾ സ്ഥാപിക്കും.പദ്ധതിയുടേതായ എല്ലാ രൂപരേഖകളും തയാറാണെന്നും നിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.