വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ ഒരു വർഷം തടവും ലക്ഷം ദിർഹം പിഴയും; മുന്നറിയിപ്പുമായി ഷാർജ പോലീസ്
സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹമിൽ കുറയാത്ത പിഴയും ലഭിക്കുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക ബോധവൽക്കരണ വീഡിയോയിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാജ വാർത്തകളും തെറ്റിദ്ധാരണാജനകമായ ദൃശ്യങ്ങളും പരിശോധന കൂടാതെ വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ വലിയ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. ഒരൊറ്റ സന്ദേശം പോലും നൂറുകണക്കിന് ആളുകളിൽ മാനസിക സംഘർഷത്തിന് കാരണമാകുമെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സാമൂഹിക സുസ്ഥിരതയെ തകർക്കുമെന്നും ഷാർജ പോലീസ് ബോധവൽക്കരണ വിഭാഗം ഡയറക്ടർ മേജർ സൗദ് അൽ ശൈബ വ്യക്തമാക്കി.
വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ ഔദ്യോഗിക സ്രോതസ്സുകളെയും അംഗീകൃത വാർത്താ മാധ്യമങ്ങളെയും ആശ്രയിക്കണമെന്നും ഉത്തരവാദിത്തപരമായ ഡിജിറ്റൽ പെരുമാറ്റം ഓരോരുത്തരുടെയും കടമയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.