യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വസന്തകാല അവധി പ്രഖ്യാപിച്ചു; ക്ലാസുകൾ മാർച്ച് 9 മുതൽ

 

യുഎഇയിലെ സ്കൂളുകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വസന്തകാല അവധി (Spring Break) നേരത്തെയാക്കി അധികൃതർ ഉത്തരവിറക്കി. പുതുക്കിയ തീരുമാനപ്രകാരം മാർച്ച് 9 മുതൽ 22 വരെയാണ് അവധി. നേരത്തെ പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം മാർച്ച് 16 മുതൽ 29 വരെയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഒരാഴ്ച മുൻപേ അവധി നൽകാൻ തീരുമാനിച്ചത്.

യുഎഇ വിദ്യാഭ്യാസ മന്ത്രാലയവും ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയവും സംയുക്തമായാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഒരുപോലെ അവധി ലഭ്യമാകും. മാർച്ച് 23-ന് അവധി കഴിഞ്ഞ് പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനമാണ് നടന്നു വരുന്നത്. വിമാന സർവീസുകളിലെ നിയന്ത്രണങ്ങളും മറ്റും തുടരുന്നതിനിടയിലാണ് വിദ്യാർത്ഥികൾക്ക് ആശ്വാസമായി വസന്തകാല അവധി നേരത്തെയാക്കിയത്.