അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക; 'സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന്' അനുര കുമാര ദിസനായകെ

 

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ മണ്ണിൽ ഇറങ്ങാൻ അനുമതി നിഷേധിച്ച് ശ്രീലങ്ക. രാജ്യത്തിന്റെ പരമാധികാരവും നിഷ്പക്ഷതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ പാർലമെന്റിൽ വ്യക്തമാക്കി. വിദേശ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിബൂട്ടിയിലെ സൈനിക താവളത്തിൽ നിന്നുള്ള രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങളാണ് മാർച്ച് നാലിനും എട്ടിനും മട്ടാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടിയത്. എട്ട് ആന്റി-ഷിപ്പ് മിസൈലുകൾ വീതം വഹിച്ചിരുന്ന ഈ വിമാനങ്ങൾക്ക് അനുമതി നൽകുന്നത് മേഖലയിലെ സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ശ്രീലങ്ക അനുമതി നിഷേധിച്ചത്. അമേരിക്കൻ പ്രത്യേക പ്രതിനിധി സെർജിയോ ഗോറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്താനാണ് ശ്രീലങ്ക ആഗ്രഹിക്കുന്നതെന്നും സൈനിക നീക്കങ്ങൾക്കായി രാജ്യത്തിന്റെ മണ്ണ് വിട്ടുനൽകില്ലെന്നും ദിസനായകെ പാർലമെന്റിനെ അറിയിച്ചു. മാർച്ച് നാലിന് ഗാലിന് സമീപം ഇറാന്റെ 'ഐആർഐഎസ് ദേന' എന്ന യുദ്ധക്കപ്പൽ അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകർന്നത് മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. 84 പേർ കൊല്ലപ്പെട്ട ആ അപകടത്തിൽ 32 ഇറാൻ നാവികരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ശ്രീലങ്കയുടെ നിർണ്ണായക നീക്കം.