എസ്എസ്എൽസി പരീക്ഷ: ഗൾഫിൽ 100 ശതമാനം വിജയം; 143 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്
May 15, 2026, 21:58 IST
ഈ വർഷത്തെ കേരള എസ്എസ്എൽസി പരീക്ഷയിൽ ഗൾഫ് മേഖലയിൽ മികച്ച നേട്ടം. പരീക്ഷയെഴുതിയ 631 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയതോടെ നൂറ് ശതമാനം വിജയം കൈവരിക്കാനായി. ഇതിൽ 143 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം സ്വന്തമാക്കി.
മേഖലയിലെ യുദ്ധസാഹചര്യങ്ങൾ പരിഗണിച്ച് ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നേരിട്ടുള്ള പരീക്ഷകൾ നടത്തിയിരുന്നില്ല. മുൻ പരീക്ഷകളിലെ മാർക്കുകളും സ്കൂൾ തലത്തിലുള്ള ഇന്റേണൽ അസസ്‌മെന്റും (Internal Assessment) മാനദണ്ഡമാക്കിയായിരുന്നു ഇത്തവണത്തെ മൂല്യനിർണ്ണയം. യുഎഇയിലെ ഏഴ് സ്കൂളുകളിലായി 631 വിദ്യാർത്ഥികളാണ് കേരള സിലബസിൽ പത്താം ക്ലാസ് പൂർത്തിയാക്കിയത്.
സ്കൂൾ തിരിക്കുള്ള ഫലം:
- അബുദാബി മോഡൽ സ്കൂൾ: 185 വിദ്യാർത്ഥികളിൽ 58 പേർക്ക് ഫുൾ എ പ്ലസ്.
- ദുബായ് നിംസ് (NIMS): 99 വിദ്യാർത്ഥികളിൽ 33 പേർക്ക് ഫുൾ എ പ്ലസ്.
- ഷാർജ നിംസ് (NIMS): 50 വിദ്യാർത്ഥികളിൽ 19 പേർക്ക് ഫുൾ എ പ്ലസ്.
- ഗൾഫ് മോഡൽ സ്കൂൾ: 120 കുട്ടികളിൽ അഞ്ച് പേർക്ക് ഫുൾ എ പ്ലസ്.
- ഫുജൈറ ഇന്ത്യൻ സ്കൂൾ: 91 കുട്ടികളിൽ 18 പേർക്ക് ഫുൾ എ പ്ലസ്.
- ഉമ്മുൽ ഖുവൈൻ ഇംഗ്ലീഷ് സ്കൂൾ: 37 കുട്ടികളിൽ ഒമ്പത് പേർക്ക് ഫുൾ എ പ്ലസ്.
- റാസൽഖൈമ ഇന്ത്യൻ സ്കൂൾ: 49 കുട്ടികളിൽ ഒരാൾക്ക് ഫുൾ എ പ്ലസ്.