കുവൈത്തിൽ മാധ്യമ നിയമങ്ങൾ ഏകീകരിക്കാൻ നടപടി; സോഷ്യൽ മീഡിയയ്ക്കും എ.ഐക്കും പുതിയ നിയന്ത്രണങ്ങൾ
കുവൈത്തിലെ എല്ലാത്തരം മാധ്യമ നിയമങ്ങളും ഏകീകരിച്ച് പുതിയ കരട് നിയമം കൊണ്ടുവരാൻ ഒരുങ്ങി സർക്കാർ. മാധ്യമ രംഗത്തെ പുതിയ സാങ്കേതിക മാറ്റങ്ങൾ ഉൾക്കൊണ്ട് നിലവിലെ ചട്ടങ്ങൾ പരിഷ്കരിക്കുകയാണ് ലക്ഷ്യം.
അച്ചടി പ്രസിദ്ധീകരണങ്ങൾ, ഓഡിയോ-വിഷ്വൽ, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവയ്ക്കെല്ലാം ഇനി മുതൽ ഏകീകൃത നിയമമായിരിക്കും ബാധകമാവുക. ഇത് മാധ്യമപ്രവർത്തകർക്കും മേഖലയിലെ നിക്ഷേപകർക്കും വ്യക്തമായ നിയമപരമായ ചട്ടക്കൂട് നൽകും.
സോഷ്യൽ മീഡിയയിലെ ഉള്ളടക്ക സ്രഷ്ടാക്കളുടെയും (Content Creators) പരസ്യങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. കൂടാതെ മാധ്യമ ഉള്ളടക്കങ്ങളിൽ നിർമിത ബുദ്ധി (AI) ഉപയോഗിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്തും. ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്നതോടൊപ്പം ഉത്തരവാദിത്തമുള്ള മാധ്യമ പ്രവർത്തനം സാധ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം.