ഹോർമുസ് കടലിടുക്കിൽ സ്ഫോടനം: മൈനിൽ തട്ടി മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു; മുന്നറിയിപ്പ് അവഗണിച്ചെന്ന് ഇറാൻ

 

ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ മേഖലയിൽ കടൽ മൈനിൽ തട്ടി മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. നിയന്ത്രിത മേഖലയിലൂടെ സഞ്ചരിച്ച കപ്പലുകൾ ഇറാൻ നാവികസേന നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കുകയും നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്യുകയും ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഐ.ആർ.ജി.സി ആരോപിച്ചു.

കപ്പൽ ഗതാഗതത്തിന് കർശന നിർദ്ദേശം

തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ അധികൃതരുമായി കൃത്യമായി ഏകോപിപ്പിച്ച ശേഷമേ പാടുള്ളൂവെന്ന് സ്റ്റേറ്റ് മീഡിയയായ ഐ.ആർ.ഐ.ബി വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഐ.ആർ.ജി.സി വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള 'വ്യാജ അമേരിക്കൻ റൂട്ടുകൾ' സ്വീകരിക്കരുതെന്ന് ഇറാൻ സൈന്യം കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമീപകാലത്തായി മേഖലയിൽ കുറഞ്ഞത് അഞ്ച് കപ്പലുകളെങ്കിലും ആക്രമണത്തിന് ഇരയായതായാണ് റിപ്പോർട്ടുകൾ.

ഇറാൻ-യു.എസ് സൈനിക നീക്കങ്ങൾ ശക്തം

ബഹ്‌റൈനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി, ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഖഷം ദ്വീപിലുള്ള ഐ.ആർ.ജി.സി മിസൈൽ വിക്ഷേപണ കേന്ദ്രത്തിന് നേരെ അമേരിക്ക ആക്രമണം നടത്തി. സ്വയംരക്ഷാർത്ഥമാണ് നടപടിയെടുത്തതെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ, ആക്രമണത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇറാൻ മാധ്യമങ്ങളുടെ അവകാശവാദം.

അതേസമയം, ബഹ്‌റൈനിലെ വ്യോമതാവളത്തിലെ യു.എസ് റഡാർ സംവിധാനം ലക്ഷ്യമിട്ട് ഐ.ആർ.ജി.സി അയച്ച ഒന്നിലധികം ഡ്രോണുകൾ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു. കടലിടുക്കിന് മുകളിലൂടെ പറന്ന രണ്ട് യു.എസ് ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാനും അവകാശപ്പെട്ടിട്ടുണ്ട്.

ആരോപണങ്ങൾ തള്ളി ഇറാൻ

വാഷിങ്ടൺ ഡി.സിയിലെ മുതിർന്ന ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെ രാസായുധങ്ങളോ 'ഡർട്ടി ബോംബോ' ഉപയോഗിച്ച് ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫും തള്ളിക്കളഞ്ഞു. ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് പിന്തുണ തേടുന്നതിനായി ഇസ്രായേൽ അനുകൂല മാധ്യമങ്ങൾ നടത്തുന്ന വ്യാജ പ്രചാരണമാണിതെന്ന് അരാഗ്ചി എക്സിൽ കുറിച്ചു.