ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള കപ്പൽ ഗതാഗതം പുനരാരംഭിച്ചു

 

അന്താരാഷ്ട്ര തലത്തിൽ ആശ്വാസം പകർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പൂർണ്ണതോതിൽ പുനരാരംഭിച്ചു. അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ ധാരണയായതിന് പിന്നാലെയാണ് മേഖലയിൽ നിന്നുള്ള നാവിക ഗതാഗതം സുഗമമായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ക്രൂഡ് ഓയിൽ, ഗ്യാസ്, വളം എന്നിവയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട 11 കപ്പലുകൾ കടലിടുക്ക് വിജയകരമായി പിന്നിട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് യാത്ര തിരിച്ചിട്ടുമുണ്ട്. പശ്ചിമേഷ്യയിലെ ചരക്കുനീക്കത്തിനുള്ള തടസ്സങ്ങൾ നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

മേഖല കടന്നുവന്ന കപ്പലുകളിൽ 28,500 മെട്രിക് ടൺ ക്രൂഡ് ഓയിൽ വീതമുള്ള മൂന്ന് ഇന്ത്യൻ പതാക വഹിച്ച എണ്ണക്കപ്പലുകളും ഉൾപ്പെടുന്നു. ഇതിന് പുറമെ ഒരു വിദേശ എണ്ണക്കപ്പൽ, ഒരു എൽ.പി.ജി കപ്പൽ, വളം കയറ്റിയ ആറ് വിദേശ ബൾക്ക് കാരിയറുകൾ എന്നിവയാണ് സുരക്ഷിതമായി പാത പിന്നിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ പശ്ചിമേഷ്യയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിപ്പോയ പത്ത് ഇന്ത്യൻ കപ്പലുകൾക്കും ഇതോടെ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനാകും.

അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച 14 ഇന ധാരണാപത്രമാണ് പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് താല്കാലിക ശമനമുണ്ടാക്കിയത്. നിലവിൽ ഇന്ത്യയുടെ ആകെ എണ്ണ ആവശ്യത്തിന്റെ 90 ശതമാനവും ഇറക്കുമതി വഴിയാണ് കണ്ടെത്തുന്നത്. റഷ്യ, സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ എന്നിവയ്ക്ക് പുറമെ അമേരിക്കയും ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ്. മുൻപ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ നൽകിയിരുന്ന ഇറാൻ, അമേരിക്കൻ ഉപരോധത്തെത്തുടർന്നാണ് പിന്നിലായത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇന്ത്യയുമായി എണ്ണവ്യാപാരം പുനരാരംഭിക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൽ കേന്ദ്ര സർക്കാർ ഉടൻ തന്നെ അനുകൂല തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.