പൊതു റോഡുകളിൽ മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തിയാൽ കർശന നടപടി: കുവൈത്ത് ട്രാഫിക് വകുപ്പ്
പൊതു റോഡുകളിൽ മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തുന്ന ഡ്രൈവർമാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 36 പ്രകാരം ഇത്തരം ലംഘനങ്ങൾക്ക് 20 കുവൈത്തി ദിനാർ സെറ്റിൽമെന്റ് പിഴ ഈടാക്കും.
ഓവർടേക്കിംഗ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് ആർട്ടിക്കിൾ 37 അനുസരിച്ച് 15 കുവൈത്തി ദിനാറാണ് പിഴ. കൂടാതെ ഗുരുതരമായ ലംഘനങ്ങൾ നടത്തുന്നവരുടെ വാഹനങ്ങൾ രണ്ട് മാസം വരെ പിടിച്ചെടുക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
അതേസമയം, രാജ്യത്ത് ഗതാഗത നിർദ്ദേശങ്ങളും സുരക്ഷയും കർശനമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 16 മുതൽ 22 വരെയുള്ള കാലയളവിൽ വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 162 പേരെയും 86 റസിഡൻസി നിയമലംഘകരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഈ ദിവസങ്ങളിൽ മാത്രം 1,932 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 51 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.